ഗവര്‍ണര്‍ ഭരണം: ജമ്മുകശ്മീരില്‍ അനിശ്ചിതത്വം തുടരുന്നു

ശ്രീനഗര്‍: ശനിയാഴ്ച ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ ജമ്മുകശ്മീരില്‍ അനിശ്ചിതത്വം തുടരുന്നു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഇതുവരെ നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ സന്നദ്ധമായിട്ടില്ല.'പാര്‍ട്ടി അധ്യക്ഷ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. എന്തെങ്കിലും തീരുമാനമുണ്ടായാല്‍ വിവരമറിയിക്കാമെന്ന് മുതിര്‍ന്ന പിഡിപി നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ പേഴ്‌സണല്‍ ജീവനക്കാര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ പങ്കെടുത്ത പാര്‍ട്ടി എംഎല്‍എമാരും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മെഹബൂബയുടെതാണെന്നാണ് പറഞ്ഞത്.
പിഡിപിയുമായി അധികാരം പങ്കിട്ട ബിജെപി ഇതു വരെ മെഹബൂബയ്ക്കു പിന്തുണ എഴുതി നല്‍കിയിട്ടില്ല. എന്നാല്‍, ഇരു കക്ഷികളും തമ്മിലുള്ള സഖ്യം തുടരുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞത്. നിലവിലുള്ള അനിശ്ചിതാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ പിഡിപിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും പന്ത് അവരുടെ കളത്തിലാണെന്നും അവരാണ് അവരുടെ നേതാവിനെ തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ക്കു തുടക്കമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇരു കക്ഷികളും രൂപംനല്‍കിയതാണ്. രണ്ട് കക്ഷികളും തമ്മിലുള്ള ഐക്യം നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിനു ഗുണകരമാണ്. സോണിയാഗാന്ധിയും മെഹബൂബയും തമ്മിലുള്ള കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോള്‍ അത് സഈദിന്റെ അനുശോചനവുമായി ബന്ധപ്പെട്ടതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു രാംമാധവിന്റെ പ്രതികരണം.
പിഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രാംമാധവ് ആയിരുന്നു. ഇരു കക്ഷികളും തമ്മില്‍ പുതിയ നിബന്ധനകള്‍ ഉണ്ടാക്കുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
Next Story

RELATED STORIES

Share it