ഗള്‍ഫിലെ പണമിടപാട്: തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തിരൂര്‍: ഗള്‍ഫില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വെട്ടം സ്വദേശിയെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് തലക്കളത്തൂര്‍ പറമ്പത്ത് സ്വദേശി നടുവിലെയില്‍ താരാസ് വീട്ടില്‍ ആഷിഖിനെയാണ് (22) തിരൂര്‍ സിഐ സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്. റിമാന്‍ഡിലായിരുന്ന കേസിലെ ഒന്നാംപ്രതി കോഴിക്കോട് നരിക്കുനി പാറന്നൂര്‍ പുല്ലാളൂര്‍ സ്വദേശി അബ്ദുല്‍ ബാസിതി(22)നെ വ്യാഴാഴ്ച പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ബാസിതിനെ ചോദ്യംചെയ്ത ശേഷം പോലിസ് നടത്തിയ അന്വേഷണത്തില്‍ പറമ്പത്ത് വച്ച് ആഷിഖിനെ പിടികൂടുകയായിരുന്നു. ആഷിഖ് കേസിലെ നാലാം പ്രതിയാണ്. വെട്ടം സ്വദേശി കാവതിയോട് സുബ്രഹ്മണ്യ(48)നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് ഇരുവരും.
പ്രവാസിയായ കോഴിക്കോട് സ്വദേശി അനില്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോവല്‍. സുബ്രഹ്മണ്യന്‍ രണ്ട് വര്‍ഷം മുമ്പ് വിദേശത്ത് നിന്ന് അനിലില്‍ നിന്ന് 60,000 റിയാല്‍ കടം വാങ്ങിയിരുന്നു. ബിസിനസില്‍ മുതല്‍മുടക്കാനായിരുന്നു പണം വാങ്ങിയത്. ഇതിന് മാസം 3,000 റിയാല്‍ വീതം തിരിച്ചു നല്‍കിയിരുന്നു. അതിനിടെ ബിസിനസ് തകരുകയും സുബ്രഹ്മണ്യന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇടയ്ക്ക് ബാസിതും മറ്റൊരാളും മാറി മാറി സുബ്രഹ്മണ്യനെ ബന്ധപ്പെടുകയും അനിലിന് നല്‍കാനുള്ള പണം തങ്ങളെ ഏല്‍പ്പിച്ചാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി പതിവായതോടെ സുബ്രഹ്മണ്യന്‍ ലക്ഷം രൂപ കടം വാങ്ങി ഇവര്‍ക്ക് കോഴിക്കോട്ട് കൊണ്ടുപോയി കൊടുത്തു. വീണ്ടും സംഘം ഭീഷണി തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞ മൂന്നിന് തിരൂര്‍ വെട്ടത്തെത്തിയ ബാസിതും സംഘവും കാറില്‍ കയറ്റി തിരൂരിലേക്ക് വരുകയും പിന്നീട് തട്ടിക്കൊണ്ടുപോയി നരിക്കുനിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
സുബ്രഹ്മണ്യന്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. ഈ സമയം 9.60 ലക്ഷം രൂപ ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിവന്നു. ഇതിനിടെ സമാന തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചു. കോഴിക്കോട് ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള കേസുള്ളതായി വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. എസ്‌ഐ വല്‍സന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രമോദ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതി ആഷിഖിനെ പിടികൂടിയത്. മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it