ഗര്‍ഭിണിയെ മര്‍ദ്ദിച്ച് കുഞ്ഞിനെ പുറത്തെടുത്ത യുഎസ് യുവതിക്ക് 100 വര്‍ഷം തടവ്

വാഷിങ്ടണ്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു കുഞ്ഞിനെ അറുത്തുമാറ്റിയ യുഎസ് യുവതിക്ക് 100 വര്‍ഷം തടവ്. കൊളറാഡോയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ മിഷേല്‍ വില്‍ക്കിന്‍സ്(26) എന്ന യുവതിയെ ആക്രമിച്ചതിന് ഡൈനെല്‍ ലാന്‍ (35) എന്ന സ്ത്രീക്കാണ് തടവു ലഭിച്ചത്.
ഗര്‍ഭകാലത്തു ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ലാന്‍ നല്‍കിയ ഓണ്‍ലൈന്‍ പരസ്യത്തെത്തുടര്‍ന്ന് വസ്ത്രം വാങ്ങാന്‍ വീട്ടിലെത്തിയതായിരുന്നു മിഷേല്‍.
മിഷേലിനെ ലാന്‍ മാരകമായി മര്‍ദ്ദിക്കുകയും ഗര്‍ഭപാത്രത്തില്‍ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. മിഷേല്‍ ദുരന്തത്തെ അതിജീവിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ പങ്കാളി അന്വേഷിച്ചപ്പോള്‍ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചുവെന്നും പുറത്തെടുത്ത കുഞ്ഞ് തന്റെതാണെന്നുമാണ് ലാന്‍ പറഞ്ഞത്. ഉടന്‍ ഇയാള്‍ ലാനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍, രക്തം വാര്‍ന്ന് അവശയായ മിഷേല്‍ ഇയാളുടെ ശ്രദ്ധയില്‍പെട്ടില്ല. പിന്നീട് അടിയന്തരവിഭാഗത്തെ ഫോണില്‍ ബന്ധപ്പെട്ട ശേഷം അവരെത്തിയാണ് മിഷേലിനെ ആശുപത്രിയിലെത്തിച്ചതെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ജഡ്ജി മരിയ ബെര്‍ക്കെന്‍കോട്ടെര്‍ ആണ് വിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it