ഗണേഷിനു വേണ്ടി മോഹന്‍ലാലിന്റെ പ്രചാരണം: അമ്മയില്‍ കലഹം; സലിംകുമാര്‍ രാജിവച്ചു

ഗണേഷിനു വേണ്ടി മോഹന്‍ലാലിന്റെ പ്രചാരണം: അമ്മയില്‍ കലഹം;  സലിംകുമാര്‍ രാജിവച്ചു
X
അയ്യൂബ് സിറാജ്

ganesh-kumar-mohanlal

കൊച്ചി/കൊല്ലം: താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ഥി കെ ബി ഗണേഷ്‌കുമാറിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതിനെച്ചൊല്ലി അമ്മയില്‍ കലഹം. മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നു രാജിവച്ചു.
ചലച്ചിത്ര താരങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ പോയി പക്ഷംപിടിച്ച് പ്രചാരണം നടത്തരുതെന്ന് അമ്മയില്‍ ധാരണയുണ്ടെന്നും ഭാരവാഹികള്‍ തന്നെ അതു ലംഘിച്ചിരിക്കുകയാണെന്നും സലിംകുമാര്‍ പറഞ്ഞു. ജയറാമും കവിയൂര്‍ പൊന്നമ്മയും പ്രചാരണത്തിനു പോയതില്‍ തെറ്റില്ല. അവര്‍ അമ്മയുടെ ഭാരവാഹികളല്ല. രാജി തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി.
അതേസമയം, ചലച്ചിത്രതാരങ്ങള്‍ രാഷ്ട്രീയപ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ സംഘടന ഇടപെടാറില്ലെന്നു അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി പ്രതികരിച്ചു.
സലിംകുമാറിന്റെ രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. താരങ്ങള്‍ പത്തനാപുരത്തു പോവാന്‍ പാടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സംഘടനയില്‍ നടന്നിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, വിവാദം അനാവശ്യമാണെന്നും പ്രചാരണത്തിനായി പോവേണ്ടതില്ലെന്ന് സംഘടനയില്‍ നിര്‍ദേശമുണ്ടായിട്ടില്ലെന്നും നടന്‍ ദിലീപ് പറഞ്ഞു.
വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്നലെ നടന്ന പ്രചാരണ പരിപാടിയില്‍ അമ്മ സംഘടനയുടെ ഖജാഞ്ചി കൂടിയായ ദിലീപ് പങ്കെടുത്തു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ താരങ്ങള്‍ അമ്മ സംഘടനയോട് അനുവാദം ചോദിച്ചിട്ടല്ലെന്നും രാഷ്ട്രീയത്തിനല്ല വ്യക്തി ബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനൊപ്പം നടന്‍ നാദിര്‍ഷായും പങ്കെടുത്തു.
അതേസമയം മോഹന്‍ലാലിന്റെ നടപടി തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് പ്രതികരിച്ചു. പത്തനാപുരത്ത് എല്ലാ സ്ഥാനാര്‍ഥികളോടും തുല്യ പരിഗണനയെന്നാണ് അമ്മയുടെ നിലപാടെന്ന് പ്രസിഡന്റ് ഇന്നസെന്റ് തന്നോടു വ്യക്തമാക്കിയിരുന്നുവെന്നും അത്തരമൊരു നിലപാട് ഉള്ളപ്പോള്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയത് ശരിയായില്ലെന്നും ജഗദീഷ് പറഞ്ഞു.
എന്നാല്‍, മോഹന്‍ലാല്‍ പ്രചാരണത്തിന് പത്തനാപുരത്തു വന്നതില്‍ തെറ്റില്ലെന്നും അദ്ദേഹത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യാനാവില്ലെന്നും കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ് പറഞ്ഞു.
മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തിയാണ് ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പ്രചാരണത്തിനെത്തിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
Next Story

RELATED STORIES

Share it