World

ഖൈബര്‍ പാസ് അതിര്‍ത്തിയില്‍ പാക്-അഫ്ഗാന്‍ സൈനികര്‍ ഏറ്റുമുട്ടി

ഇസ്‌ലാമാബാദ്: ഖൈബര്‍ പാസ് അതിര്‍ത്തിയില്‍ പാക് സൈനികരും അഫ്ഗാന്‍ സൈനികരും തമ്മില്‍ ഏറ്റുമുട്ടി. ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. തോര്‍ഖാം ഗേറ്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു പാകിസ്താന്‍ സൈനികനും പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ അഫ്ഗാനിസ്താനും തമ്മിലുള്ള അതിര്‍ത്തിപ്രദേശമാണിത്. സംഘര്‍ഷത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്.
പാകിസ്താനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെന്നും നയതന്ത്രചര്‍ച്ചയിലൂടെയേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ എന്നും അഫ്ഗാന്‍ സര്‍ക്കാര്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ലാ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. പാകിസ്താനും അഫ്ഗാനിസ്താനുമായുള്ള നയതന്ത്രബന്ധം അടുത്തിടെ തകരാറിലായിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന താലിബാന്‍, ഹഖാനി ശൃംഖല ഉള്‍പ്പെടെയുള്ളവയെ പാകിസ്താന്‍ പ്രോല്‍സാഹിപ്പിക്കുന്നതായാണ് അഫ്ഗാന്‍ ആരോപിക്കുന്നത്. പാകിസ്താന്‍ ഇത് നിഷേധിക്കുകയാണ്. മേഖലയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടാവാറുണ്ട്.
Next Story

RELATED STORIES

Share it