ഖൈബര്‍ പക്തൂണ്‍ഖ്വ; പാക് പ്രവിശ്യാമന്ത്രി സര്‍ദാര്‍ സോറാന്‍ സിങ് വെടിയേറ്റു മരിച്ചു

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലെ ന്യൂനപക്ഷകാര്യമന്ത്രി സര്‍ദാര്‍ സോറാന്‍ സിങ് വെടിയേറ്റു മരിച്ചു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു മോട്ടോര്‍ബൈക്കിലെത്തിയ അക്രമികള്‍ കാറിനു കുറുകെ വണ്ടി നിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
സര്‍ദാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലിസ് മേധാവി ഖാലിദ് ഹമദാനി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പെഷാവറില്‍ നിന്ന് 160 കിലോമീറ്റര്‍ മാറി ബുണര്‍ ജില്ലയിലെ സര്‍ദാറിന്റെ വീടിനോടു ചേര്‍ന്നായിരുന്നു സംഭവം. സര്‍ദാറിന്റെ തലയില്‍ നിരവധി വെടിയുണ്ടകളേറ്റു. സംഭവം പ്രവിശ്യാ വാര്‍ത്താവിനിമയമന്ത്രി മുഷ്താഖ് ഗനിയും സ്ഥിരീകരിച്ചിട്ടുണ്ട്. തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ താലിബാന്‍ മേഖലയില്‍ നിരവധി ആക്രമണങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ട്. പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വേര്‍തിരിവും ആക്രമണങ്ങളും പതിവാണ്. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അംഗമാണ് കൊല്ലപ്പെട്ട സര്‍ദാര്‍. പാക് ഉന്നതതല നേതാക്കള്‍ മരണത്തില്‍ അനുശോചിച്ചു.
പാകിസ്താനിലെ 190 ദശലക്ഷം ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് സിഖ് വംശജരുള്ളത്. 2013ലും 2014ലുമായി എട്ടു സിഖുകാര്‍ രാജ്യത്തു വെടിയേറ്റു മരിച്ചിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഉന്നതനിലയിലുള്ള ഒരു സിഖ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിക്കുന്നത്.
Next Story

RELATED STORIES

Share it