Fortnightly

ഖുര്‍ആനിലെ സദൃശ്യവചനങ്ങളും സുവ്യക്ത വചനങ്ങളും

ഖുര്‍ആനിലെ സദൃശ്യവചനങ്ങളും സുവ്യക്ത വചനങ്ങളും
X
അബ്ബാസലി അരീക്കന്‍
ഇസ്ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന സങ്കല്‍പം അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസമാണ്. അല്ലാഹു, മലക്കുകള്‍, പരലോകം തുടങ്ങിയ അതിഭൗതിക യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസം മുസ്്‌ലിംകള്‍ ഇസ്്‌ലാമിന്റെ ആദര്‍ശാടിത്തറകളായി മനസ്സിലാക്കുന്നു. അല്ലാഹു ഖുര്‍ആനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ''ആ ഗ്രന്ഥം, അതില്‍ സന്ദേഹമേ ഇല്ല. അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാണ്. അവര്‍ അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്‌ക്കാരം നിലനിര്‍ത്തുന്നവരും നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്.'' (അല്‍ ബഖറ)അദൃശ്യവും ആത്മീയവുമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യന്‍ കല്പിക്കപ്പെട്ടിരിക്കുന്നു.

അവന്റെ കര്‍മ്മ ജീവിതം ആദ്ധ്യാത്മികമായ അവന്റെ വിശ്വാസങ്ങള്‍ക്കനുസൃതമായി സംസ്‌ക്കരിക്കപ്പെടണം. മനുഷ്യന്‍ ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത പ്രപഞ്ചാതീത യാഥാര്‍ത്ഥ്യങ്ങളുടെ സത്യം അല്ലാഹു എങ്ങനെയാണ് അവനെ അനുഭവിപ്പിക്കുന്നത്. അവന്റെ ചിന്താ വൈകാരിക മണ്ഡലങ്ങള്‍ സാമാന്യമായി അവയെ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ആശയ വിനിമയ മാധ്യമമാണല്ലൊ ഖുര്‍ആന്‍. ഖുര്‍ആന്‍ എന്തു ഭാഷാ സങ്കേതമാണ് മനുഷ്യനെ പ്രപഞ്ചാതീത യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കാന്‍ -അതിന്റെ സത്യം നിഷേധിക്കാനാവാത്ത തരത്തില്‍ ഉള്‍ക്കൊള്ളാന്‍- പ്രയോഗിക്കുന്നത്.

മുഹമ്മദ് അസദ് അദ്ദേഹത്തിന്റെ വിഖ്യാത ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥമായ 'ദ മെസ്സേജ് ഓഫ് ഖുര്‍ആനി'ല്‍ ആലു ഇംറാനിലെ 7-ാം വചനം വ്യാഖ്യാനിച്ചുകൊണ്ട് ഈ സമസ്യക്ക് ഉത്തരം നല്‍കുന്നുണ്ട്.''അവനത്രെ നിന്റെമേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചവന്‍. സുവ്യക്തമായ വചനങ്ങള്‍ അവയില്‍പ്പെട്ടതാകുന്നു. asadഅവ വേദഗ്രന്ഥത്തിന്റെ മൂലകേന്ദ്രമത്രെ. പരസ്പര സദൃശ്യമുള്ളതായ മറ്റൊരു വിഭാഗവും അതിലുണ്ട്. എന്നാല്‍ തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ കുഴപ്പത്തെ ആഗ്രഹിച്ചും (മനോധര്‍മ്മമനുസരിച്ച്) അതിന്റെ പൊരുള്‍ തേടിയും സദൃശ്യവചനങ്ങളുടെ (മുതശാബിഹാതുകളുടെ) പിറകെ പോകുന്നു. എന്നാല്‍ അവയുടെ ആത്യന്തികമായ പൊരുള്‍ അല്ലാഹുവല്ലാതെ ആര്‍ക്കുമറിയില്ല. എന്നാല്‍ അഗാധജ്ഞാനികളായ പണ്ഡിതര്‍ പറയുന്നു ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം നമ്മുടെ റബ്ബിന്റെ പക്കല്‍നിന്നുള്ളതാകുന്നു. ഉള്‍ക്കാഴ്ച ലഭിച്ചവരല്ലാതെ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല.''ഈ വചനത്തെ അസദ് ഖുര്‍ആന്റെ ആശയ ലോകത്തേക്കിറങ്ങി ചെല്ലാനുള്ള ഒരു താക്കോല്‍ വചനമായിട്ടാണ് വിശേഷിപ്പിക്കുന്നത്.

ഖുര്‍ആന്‍ പഠനത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശ തത്വമാണ് ഈ വചനം ഉള്‍ക്കൊള്ളുന്നത്. സുവ്യക്ത വചനങ്ങളാണ് (മുഹ്കമാത്തുകളാണ്) ഖുര്‍ആനിലെ മൗലിക വചനങ്ങള്‍ (ഉമ്മുല്‍ കിതാബ്). ഇസ്്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളാണവ. ധാര്‍മ്മിക നിയമങ്ങളും സാമൂഹിക നിയമങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന വചനങ്ങളാണ് 'സുവ്യക്ത വചനങ്ങള്‍' (മുഹ്കമാത്തുകള്‍).’ബിംബ കല്‍പനകളിലൂടെയോ രൂപകങ്ങളിലൂടെയോ പ്രപഞ്ചാതീതയാഥാര്‍ത്ഥ്യങ്ങളെ പ്രതീകാത്മകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന വചനങ്ങളാണ് സദൃശ്യവചനങ്ങള്‍ (മുതശാബിഹാതുകള്‍).''ആരെങ്കിലും ഒരണുമണിതൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണുന്നു, ആരെങ്കിലും ഒരണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതവന്‍ കാണുന്നു'' തുടങ്ങിയ വചനങ്ങള്‍ സുവ്യക്തമായ വചനങ്ങളാണ്.

സുവ്യക്തമായ പ്രസ്താവനകളെയും കല്പനകളെയും ആണ് മുഹ്കമാത്തുകള്‍ എന്നു വിളിക്കുന്നത്.എന്നാല്‍ ''പരമകാരുണികന്‍ സിംഹാസനത്തില്‍ ഉപവിഷ്ഠനായിരിക്കുന്നു'', ''നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കും''”തുടങ്ങിയ വചനങ്ങള്‍ മുതശാബിഹാതിനുദാഹരണങ്ങളാണ്. ഇത്തരം വചനങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്ന ആശയങ്ങളോ വസ്തുതകളോ മനുഷ്യന് പരിചിതമായ ബിംബ-കല്പനകളിലൂടെ അവന്റെ വൈകാരിക-ബോധമണ്ഡലങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

കാരണം, മനുഷ്യന്റെ ബുദ്ധിയും അസ്തിത്വവും സ്ഥലകാല പരിമിതികളില്‍ ബന്ധിതമാണ്. മനുഷ്യന്‍ പുതിയ ആശയങ്ങള്‍ മനസ്സിലാക്കുകയോ ആവിഷ്‌ക്കരിക്കുകയോ ചെയ്യുന്നത് അവന്റെ മുന്നറിവുകളുടെയും കാഴ്ചപാടുകളുടെയും അടിസ്ഥാനത്തിലാണ്. പറവകളെ ഒരിക്കലും കാണുകയോ പരിചരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് പറക്കുക എന്ന ആശയം ഉള്‍ക്കൊള്ളുക വളരെ പ്രയാസമായിരിക്കും. ചരിത്രാതീത കാലത്തെ ഒരു മനുഷ്യനെ മൊബൈല്‍ ഫോണിനെക്കുറിച്ചും യന്ത്രവല്‍കൃത വാഹനങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുക വളരെ പ്രയാസകരമാണല്ലൊ. ഇപ്രകാരം ചിന്ത, സ്വപ്‌നങ്ങള്‍, ഭാവനകള്‍, ഓര്‍മ്മകള്‍ തുടങ്ങി എല്ലാ മാനസിക പ്രവൃത്തികളും മുന്നറിവുകളുടെയും മുന്നനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സംഭവിക്കുന്ന മാനസിക വ്യവഹാരങ്ങളാണ്.അറിവുകള്‍ നേടുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയുംപരീക്ഷണനിരീക്ഷണങ്ങളിലൂടെയുമാണല്ലോ.

parimithഅപ്പോള്‍ നമ്മളൊരിക്കലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത പ്രപഞ്ചാതീത യാഥാര്‍ത്ഥ്യങ്ങളുടെ പൊരുള്‍ നമുക്കെങ്ങനെ ഉള്‍ക്കൊള്ളാനാകും. അത് തീര്‍ത്തും അസാധ്യമാണ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍, മലക്കുകള്‍, പരലോകം, സ്വര്‍ഗ്ഗ നരകങ്ങള്‍ തുടങ്ങിയ നമ്മള്‍ കണ്ട് അനുഭവിക്കാത്തതും നമുക്ക് ഭാവന ചെയ്യാന്‍ കഴിയാത്തതുമായ പ്രപഞ്ചാതീതയാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അല്ലാഹു എങ്ങനെയാണ് മനുഷ്യരെ ബോധ്യപ്പെടുത്തുക. അതിനു ഖുര്‍ആനില്‍ അല്ലാഹു പ്രയോഗിച്ചിട്ടുള്ള ഭാഷാ സങ്കേതമാണ് മുതശാ ബിഹാത്തുകള്‍.മനുഷ്യന് പരിചിതമായ ബിംബ കല്‍പനകളിലൂടെയും രൂപങ്ങളിലൂടെയും അതിഭൗതിക യാഥാര്‍ത്ഥ്യങ്ങളെ പ്രതീകാത്മകമായി മനുഷ്യന്റെ മനോമുകുരത്തില്‍ പ്രതിഫലിപ്പിക്കു എന്ന ഭാഷാകൗശലമാണ് മുതാശാബിഹാത്തുകളിലൂടെ പ്രയോഗിക്കുന്നത്. ഉപരിലോക സത്യങ്ങള്‍ അവയുടെ തനിമയോടുകൂടി മനുഷ്യ ബുദ്ധിക്കു മനസ്സിലാക്കാനാവില്ല.

സാമാന്യമായ ധാരണയും ഉള്‍ക്കാഴ്ചയും അത് നല്‍കുന്നുവെന്ന് മാത്രം. ഉപരി ലോകയാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള നമ്മുടെ ബോധ്യം പക്ഷേ അവയുടെ സത്യത്തെ അതിന്റെ മൗലികതയില്‍ ഗ്രഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നില്ല. അതുകൊണ്ടാണ് മുതശാബിഹാത്തുകളുടെ പൊരുളന്വേഷിക്കുന്നത് ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തുന്നതും.നിത്യമായ ആനന്ദങ്ങളുടെ ഗേഹമാണല്ലൊ സ്വര്‍ഗം. 'നന്മ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്ക് നിത്യാഹ്ലാദത്തിന്റെ സ്വര്‍ഗവും നിഷേധികളായ ദുര്‍മാര്‍ഗികള്‍ക്ക് നിത്യദുഃഖത്തിന്റെ നരകവും പ്രതിഫലമായി ലഭിക്കുന്നു' ഇത്തരം കേവലമായതും അമൂര്‍ത്തവുമായ പ്രസ്താവനകള്‍കൊണ്ട് മനുഷ്യ ബുദ്ധിയെയോ അവന്റെ വിചാര മണ്ഡലങ്ങളെയോ വൈകാരികമായി സ്വാധീനിക്കാന്‍ കഴിയുകയില്ലല്ലോ. നിത്യമായ സ്വര്‍ഗത്തിന്റെ ആഹ്ലാദകരമായ കാഴ്ചകളും നിത്യ ദുഃഖത്തിന്റെ ഭീകര ദൃശ്യങ്ങളും അവന്റെ മനോമുകുരത്തില്‍ തെളിഞ്ഞു കാണണം.

അതുകൊണ്ടാണ് ശാശ്വതമായ സ്വര്‍ഗാനുഭൂതികള്‍ മനുഷ്യനു ആഹ്ലാദവും സമാധാനവും നല്‍കുന്ന പൂന്തോപ്പുകള്‍, അരുവികള്‍, തരുണികള്‍, പഴങ്ങള്‍, തുടങ്ങിയ ബിംബ കല്പനകളിലൂടെ വര്‍ണ്ണിക്കപ്പെടുന്നത്. എങ്കിലും സ്വര്‍ഗത്തിന്റെ യാഥാര്‍ത്ഥ്യം ഭൂമിയില്‍വെച്ച് മനുഷ്യന് ഒരിക്കലും ഉള്‍ക്കൊള്ളാനാവുകയില്ല.വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍ ഇതിനു മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടതു തന്നെയാണല്ലൊ ഇത് എന്നായിരിക്കും അവര്‍ പറയുക. വാസ്തവത്തില്‍ പരസ്പര സാദൃശ്യമുള്ള നിലയില്‍ അവര്‍ക്ക് നല്‍കപ്പെടുകയാണ് ഉണ്ടായത്.

പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. (ബഖറ: 25)എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കു വേണ്ടി രഹസ്യമാക്കപ്പെട്ടിരിക്കുന്നത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.” (സജദ; 17)ഈ രണ്ടു വചനങ്ങളില്‍നിന്നും നമുക്ക് മനസ്സിലാവുന്നത് സ്വര്‍ഗത്തിന്റെ യാഥാര്‍ത്ഥ്യം മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവുന്നതില്‍ നിന്നും എത്രയോ വിഭിന്നവും വ്യത്യസ്തവുമാണ് എന്നാണല്ലൊ.ഇപ്പറഞ്ഞതിനര്‍ത്ഥം മുതശാബിഹാതുകളോട് നിഷേധാത്മകമായ നിലപാടു സ്വീകരിക്കണമെന്നല്ല. പ്രപഞ്ചാതീത യാഥാര്‍ത്ഥ്യങ്ങളെ നമുക്ക് പറഞ്ഞുതരുന്ന ഭാഷാമാധ്യമമാണ് സദൃശവചനങ്ങള്‍. പ്രതീകങ്ങളും രൂപകങ്ങളുമല്ല അവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളും ഉള്‍ക്കാഴ്ചകളുമാണ് നമ്മുടെ ചിന്തയ്ക്കും മനനത്തിനും വിഷയീഭവിക്കേണ്ടത്.

പ്രതീകങ്ങളെ കേവല യാഥാര്‍ത്ഥ്യങ്ങളായി പരിഗണിച്ചു അവയുടെ പൊരുളന്വേഷിക്കരുതെന്ന് മാത്രം. ഉദാഹരണമായി ''അല്ലാഹുവിന്റെ കൈ നിവര്‍ത്തപ്പെട്ടതാണ്'' എന്ന പ്രയോഗം. ഈ വചനം അല്ലാഹുവിന്റെ ഔദാര്യത്തെയും ദയയെയും വെളിപ്പെടുത്തുന്നു. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ കുറിച്ച് നമുക്ക് ഗാഢമായാലോചിക്കാമല്ലോ. എന്നാല്‍ ഈ വചനത്തില്‍ ഉപയോഗിച്ച 'അല്ലാഹുവിന്റെ കൈ' എന്ന പ്രതീകം നമ്മള്‍ എങ്ങനെയാണ് ഗ്രഹിക്കേണ്ടത്. അത് അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതനായ അല്ലാഹുവിനു അവയവങ്ങള്‍ സങ്കല്‍പ്പിക്കുകയും അല്ലാഹുവിന് സ്ഥലകാല പരിമിതി ആരോപിക്കുകയും ചെയ്യാനാകില്ലല്ലോ. ഇത്തരം ആലങ്കാരിക പ്രയോഗങ്ങളുടെ പൊരുളന്വേഷിക്കരുതെന്നാണ് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്.

മറ്റൊരുദാഹരണമാണ് സൂറത്തു നൂറിലെ പ്രകാശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വചനം. ഈ വചനത്തില്‍ അല്ലാഹുവിന്റെ പ്രകാശത്തെ ഉപമിക്കുന്നത് വിളക്കുമാടത്തിലെ വിളക്കിന്റെ പ്രകാശത്തിന്റെ ഉപമയോടാണ്. പരശ്ശതം താളുകളിലൂടെ വ്യാഖ്യാനിക്കപ്പെടാവുന്ന വലിയൊരു ആശയലോകം തുറന്നു തരുന്നതാണ് പ്രകാശത്തിന്റെ ഈ ഉപമ. പക്ഷേ, ഈ ഉപമാലങ്കാരത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തു അല്ലാഹുവിന്റെ പ്രകാശത്തിന്റെ യഥാര്‍ത്ഥ്യം നമ്മള്‍ നിര്‍വചിക്കാനൊരുങ്ങിയാലോ. അര്‍ത്ഥശൂന്യമായ ഒരു പാഴ്‌വേലയായിരിക്കുമല്ലൊ അത്.ആശയ ഗ്രാഹ്യമല്ലാത്ത എല്ലാ വചനങ്ങളും ചിലര്‍ മുതശാബി ഹാത്തുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. ഖുര്‍ആനിലെ പല വചനങ്ങളുടെയും പൊരുളറിയുക മനുഷ്യന്റെ ജ്ഞാന മണ്ഡലം അത് ഗ്രഹിക്കുന്ന രൂപത്തിലേക്ക് വളരുമ്പോഴാണ്.

ഉദാഹരണമായി ഖുര്‍ആനിലെ ഭ്രൂണ ശാസ്ത്ര വിവരങ്ങള്‍  കഴിഞ്ഞ നൂറ്റാണ്ടുവരെ ഖുര്‍ആന്‍ വ്യാഖ്യതാക്കള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.   ഭ്രൂണ ശാസ്ത്രം വികസിച്ചു വന്നപ്പോഴാണ് അത്തരം വചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാനായത്. ഇതിനര്‍ത്ഥം പല വ്യാഖ്യാനങ്ങളും സൂചിപ്പിക്കുന്നതുപോലെ ഒരിക്കല്‍ മുതശാബിഹാത്തുകളായത് പൊരുളറിയുമ്പോള്‍ മുഹ്ക മാത്തുകളായി മാറുന്നു എന്നല്ല. മുതശാബിഹാത്തുകള്‍ മൗലികമായിതന്നെ മുഹ്കമാത്തുകളില്‍നിന്നും വേര്‍പെട്ടിരിക്കുന്നു. മുതശാബിഹാത്തുകള്‍ പ്രതീകാത്മകമായ ഭാഷാപ്രയോഗങ്ങളും മുഹ്കമാത്തുകള്‍ സുവ്യക്തമായ പ്രസ്താവനകളുമാണ്.
Next Story

RELATED STORIES

Share it