ഖുര്‍ആനിലൂടെ മുഹമ്മദ് താഹ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു

ദുബയ്: 20ാമത് ദുബയ് രാജ്യാന്തര വിശുദ്ധ ഖുര്‍ആന്‍ മല്‍സരത്തില്‍ ഈ വര്‍ഷം ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത മലയാളി യുവാവ്. മലപ്പുറം ഒഴുകൂര്‍ ഓമച്ചപ്പുഴ സ്വദേശി വരിക്കോട്ടില്‍ അബ്ദുല്ല-മറിയം ദമ്പതികളുടെ മകന്‍ മുഹമ്മദ് താഹ എന്ന 23കാരനാണ് ഖുര്‍ആന്റെ പ്രകാശത്തിലൂടെ ഇന്ത്യക്ക് വേണ്ടി മല്‍സരിക്കുന്നത്. 45 ലക്ഷം ഇന്ത്യന്‍ രൂപയാണു മല്‍സരത്തില്‍ ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ഥിയായ മുഹമ്മദ് താഹ 17 വയസ്സ് മുതലാണ് ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ ആരംഭിച്ചത്. താഹയുടെ മറ്റൊരു സഹോദരനും ജന്‍മനാ കണ്ണിന് കാഴ്ചയില്ല. സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന പിതാവ് അബ്ദുല്ല മക്കളുടെ കാഴ്ചശക്തി തിരിച്ചു കിട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും കണ്ണിലേക്കുള്ള ഞരമ്പുകള്‍ക്കു ക്ഷതം സംഭവിച്ചതിനാല്‍ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു.
കുവൈത്തില്‍ നിന്നു വരുത്തിയ ഖുര്‍ആന്റെ ബ്ലൈന്റ് ലിപിയില്‍ നിന്നുമാണ് മുഹമ്മദ് താഹ ഖുര്‍ആന്‍ പഠിച്ചത്. തപ്പിപ്പിടിച്ച് വായിക്കുമ്പോള്‍ മറ്റുള്ള വിദ്യാര്‍ഥികളെ അപേക്ഷിച്ച് വായിക്കാന്‍ കുറേ സമയം എടുത്തതായി ഇദ്ദേഹം തേജസിനോടു പറഞ്ഞു. താഹയുടെ മല്‍സരദിനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ആഴ്ച ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഏറെ നിലവാരം പുലര്‍ത്തുന്നുണ്ടെന്നു മല്‍സരവേദിയില്‍ സ്ഥിരമായി എത്തുന്ന മുഹമ്മദ് താഹ പറഞ്ഞു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും രാജ്യാന്തര മല്‍സരത്തില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ബുധനാഴ്ചയാണു താഹ മല്‍സരത്തിനായി ദുബയിലെത്തിയത്.
Next Story

RELATED STORIES

Share it