dwaivarika

ഖിലാഫത്ത് പ്രസ്ഥാനം സമരമുഖങ്ങളില്‍

ഖിലാഫത്ത് പ്രസ്ഥാനം സമരമുഖങ്ങളില്‍
X
khilaft-movement

ത്വാഹാ ഹശ്മി

ഖിലാഫത്തുമായി ബന്ധപ്പെട്ട് ഷൗക്കത്ത് അലി, ഹക്കീം അജ്മല്‍ ഖാന്‍, ഡോ. എംഎ അന്‍സാരി, ഗാന്ധി, മൗലാനാ അബ്ദുല്‍ബാരി, അബുല്‍ കലാം ആസാദ്, ഡോ. സൈഫുദ്ദീന്‍ കിച്ച്‌ലു, ഹസ്‌റത്ത് മൊഹാനി, സ്വാമി ശ്രദ്ധാനന്ദ തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള്‍ തന്റെ മുമ്പില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഉന്നയിച്ച ആവശ്യങ്ങളും വൈസ്രോയി ചെംസ്‌ഫോര്‍ഡ് ബ്രിട്ടീഷ് ഭരണനേതൃത്വത്തെയും മന്ത്രിമാരെയും അറിയിച്ചു. 1920 ഫെബ്രുവരി 1ന് മൗലാനാ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ഖിലാഫത്ത് ദൗത്യസംഘം ട്രസ്റ്റിനോ എന്ന സ്റ്റീമറില്‍ ബോംബെയില്‍നിന്നും ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. സയ്യിദ് സുലൈമാന്‍ നദ്‌വി, മോട്ടിലാല്‍ നെഹറുവിന്റെയും, അബുല്‍ ഖാസിമിന്റെയും ഉടമസ്ഥതയില്‍ അലഹബാദില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്‍ഡിപെന്റന്റിന്റെ പത്രാധിപര്‍ സയ്യിദ് ഹുസയിന്‍, സെക്രട്ടറി മുഹമ്മദ് ഹയാത്ത് എന്നിവരാണ് മുഹമ്മദലിയോടൊപ്പം സംഘത്തിലുണ്ടായിരുന്നത്. തിലകന്റെ അധ്യക്ഷതയില്‍ ബോംബെയില്‍ ചേര്‍ന്ന യോഗം ദൗത്യ സംഘത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സംഘം ലണ്ടനിലെത്തുമ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ തുര്‍ക്കിയുടെ ഭാവിയെകുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഭയിലെ അംഗങ്ങളില്‍ അധികപേരും തുര്‍ക്കിയോട് അനുഭാവമോ സഹതാപമോ പ്രകടിപ്പിക്കുകയുണ്ടായില്ല.1920 മാര്‍ച്ച് 2നു സംഘം ഇന്ത്യന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതിനിധിയും കാബിനറ്റ് മന്ത്രിയുമായിരുന്ന എഎച്ച്എല്‍ ഫിഷറുമായി സംഭാഷണം നടത്തി. ഖിലാഫത്ത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഒരു ഭാഗമല്ല; അതിന്റെ സര്‍വ്വസ്വവുമാണ്, ഖിലാഫത്ത് സ്ഥാപിക്കേണ്ടതും നിലനിര്‍ത്തേണ്ടതും അവരുടെ ബാധ്യതയാണ്, ജസീറത്തുല്‍ അറബ് മുസ്‌ലിംകളല്ലാത്തവരുടെ അധീനതയിലും നിയന്ത്രണത്തിലുമാവരുത് എന്നീ കാര്യങ്ങളാണ് gandhi comment
പ്രതിനിധികള്‍ ഫിഷറിനോട് സംഭാഷണ മദ്ധ്യേ സൂചിപ്പിച്ചത്. ബ്രിട്ടനിലെ കൂടിക്കാഴ്ചകള്‍ക്കും പര്യടന പരിപാടികള്‍ക്കുമൊടുവില്‍ ഖലീഫയെ കാണാന്‍ കോണ്‍സ്റ്റാന്റിനോപ്പോളിലേക്കുള്ള യൗത്രാസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഫിഷറിനോട് അവര്‍ ആവശ്യപ്പെടുകയുണ്ടായി. തുര്‍ക്കിയുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സുല്‍ത്താനെ പ്രതിയോഗിയും കോണ്‍സ്റ്റാന്റിനോപ്പോളിനെ ശത്രുപ്രദേശവുമായാണ് ബ്രിട്ടന്‍ കാണുന്നതെന്ന് ഫിഷര്‍ ദൗത്യ സംഘത്തെ അറിയിച്ചു. കോണ്‍സ്റ്റാന്റിനോപ്പോളിലേക്കുള്ള ദൗത്യസംഘത്തിന്റെ യാത്രാപരിപാടികള്‍ക്കുമേല്‍ ബ്രിട്ടന്‍ നിരോധനമേര്‍പ്പെടുത്തി. പ്രധാനമന്ത്രി ലിയോഡ് ജോര്‍ജ്ജുമായുള്ള സംഭാഷണത്തില്‍ ദൗത്യസംഘം തുര്‍ക്കിയേയും ഖിലാഫത്തിനേയും സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ അറിയിച്ചു. എല്ലാ അധികാരാവകാശങ്ങളും തിരിച്ചുനല്‍കിക്കൊണ്ട് ഖിലാഫത്തിന് പരിരക്ഷ നല്‍കുക, ഈ നിലപാടിന് വിരുദ്ധമായ അറേബ്യയുമായി ബന്ധപ്പെട്ട നയങ്ങള്‍ റദ്ദ് ചെയ്യുക, മക്ക, മദീന, ജറുസലേം എന്നിവിടങ്ങളിലെ പുണ്യഗേഹങ്ങള്‍  ഖലീഫയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നിവയായിരുന്നു കൂടിക്കാഴ്ചക്കിടെ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍. എന്നാല്‍ ലിയോഡ് ജോര്‍ജ്ജിന്റെ മനോഭാവം മാറ്റിയെടുക്കാന്‍ മുഹമ്മദ് അലിക്കോ കൂട്ടുകാര്‍ക്കോ കഴിഞ്ഞില്ല. “ജര്‍മ്മനിയേയും ആസ്ത്രിയയെയുംപോലെ തുര്‍ക്കിയും യുദ്ധത്തില്‍ പരാജയപ്പെട്ടു. ജര്‍മ്മനിയും ആസ്ത്രിയയും വീഴ്ചയുടെ പിഴ അടച്ചു. തുര്‍ക്കിയും അതിന്റെ പിഴ അടച്ചു തീര്‍ക്കണം” എന്ന തന്റെ നിലപാടില്‍നിന്നും ദൗത്യസംഘവുമായുള്ള കൂടികാഴ്ചക്ക് ശേഷവും അദ്ദേഹം പിന്നോട്ട് പോയില്ല. ദൗത്യസംഘത്തിന്റെ പരാതികള്‍ കേട്ടശേഷം ലിയോഡ് ജോര്‍ജ്ജ് നേരത്തെ തയ്യാറാക്കിയിരുന്ന ഒരു പ്രസംഗം നോക്കി വായിക്കുക മാത്രമാണു ചെയ്തത്. അദ്ദേഹത്തിന് പുതിയ കാര്യമൊന്നും പറയുവാനുണ്ടായിരുന്നില്ല. മുഹമ്മദലി അദ്ദേഹവുമായുള്ള സംഭാഷണത്തിനു ശേഷം തന്റെ പ്രതികരണം ഷൗക്കത്ത് അലിയെ അറിയിച്ചത് ഇപ്രകാരമാണ്: 'നാം പറഞ്ഞ കാര്യങ്ങളൊന്നും ലിയോഡ് ജോര്‍ജ്ജിന്റെ പരിഗണനയില്‍ വന്നില്ല. തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗം വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രസംഗംമധ്യേ പ്രസക്തമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനായി ഞാന്‍ ഇടപെട്ടപ്പോള്‍ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ടിരുന്നു.'1920 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ 9 വരെ ദൗത്യ സംഘം ഇന്ത്യക്ക് പുറത്ത് കഴിച്ച് കൂട്ടി. ഇന്ത്യയിലും യൂറോപ്പിലും ഇതിനിടയില്‍ രാഷ്ട്രീയമായി നിര്‍ണായകമായ പലതും സംഭവിച്ചു. 1920 മെയ് 15ന് ബ്രിട്ടന്‍ തുര്‍ക്കിയുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചു. മെയ് 16ന് അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈ സമാധാന ഉടമ്പടി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമായിരുന്നു. ഈ കരാറിനെതിരെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. കോണ്‍ഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും ജംഇയ്യത്തെ ഉലമായെ ഹിന്ദും അഹ്‌റാര്‍ പ്രസ്ഥാനവും നിരവധി സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. മുസ്‌ലിംകള്‍ക്ക് വൈസ്രോയി നല്‍കിയ സന്ദേശം ഇതായിരുന്നു: “തുര്‍ക്കിയുടെ കാര്യത്തില്‍ അന്തിമമായുണ്ടായ തീരുമാനം നിങ്ങളുടെ അഭീഷ്ടത്തിനും ആഗ്രഹത്തിനും വിപരീതമായതില്‍ വ്യസനമുണ്ട്. ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ മുസല്‍മാന്മാര്‍ സൈനികമായും മറ്റും ചെയ്തിട്ടുള്ള സഹായ സഹകരണങ്ങള്‍ അഭിനന്ദനാര്‍ഹങ്ങളാണ്. തുര്‍ക്കിക്കെതിരായുണ്ടായ തീരുമാനങ്ങള്‍ നിങ്ങള്‍ സഹിക്കുകതന്നെ വേണം.” 1920 ജൂണില്‍ തൊണ്ണൂറോളം മുസ്‌ലിംനേതാക്കന്മാര്‍ ഒപ്പുവെച്ച ഒരു രേഖ വൈസ്രോയിക്ക് സമര്‍പ്പിച്ചു. ഖിലാഫത്ത് സന്ദേശം എന്നായിരുന്നു രേഖയുടെ പേര്. തുര്‍ക്കിയുമായി ബ്രിട്ടന്‍ ആവിഷ്‌ക്കരിച്ച സമാധാന കരാര്‍ നേരത്തെ മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതി ചെയ്യാന്‍ വൈസ്രോയി സമ്മര്‍ദ്ദം ചെലുത്തണമെന്നും, ആ ശ്രമം പരാജയപ്പെടുന്നപക്ഷം തന്റെ സ്ഥാനപദവികള്‍ രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ഈ രേഖയിലൂടെ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു. വൈസ്രോയി മുസ്‌ലിംകളുടെ ഈ ആവശ്യം പരിഗണിക്കാത്ത പക്ഷം 1920 ആഗസ്റ്റ് 1 മുതല്‍ ബ്രിട്ടനുമായുള്ള സര്‍വ്വ സഹകരണവും അവസാനിപ്പിക്കുമെന്നും നിസ്സഹകരണം പ്രഖ്യാപിക്കുമെന്നും മുസ്‌ലിംകള്‍ അറിയിച്ചു. 1920 ജൂണ്‍ 9ന് അലഹാബാദില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം നാലു ഘട്ടങ്ങളിലായുള്ള നിസ്സഹകരണ പരിപാടികള്‍ക്ക് രൂപംകൊടുത്തു. ഘട്ടം ഘട്ടമായി ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ സ്ഥാനപദവികള്‍ തിരിച്ചുകൊടുക്കാനും സിവില്‍ സര്‍വ്വീസില്‍നിന്നും പോലിസ് സേനയില്‍നിന്നും പട്ടാളത്തില്‍നിന്നും രാജിവെക്കാനും നികുതി നിഷേധിക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു. 1920 ജൂലൈ 20ന് ലഖ്‌നൗവില്‍ ചേര്‍ന്ന ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് കൗണ്‍സില്‍ സമാധാന ഉടമ്പടിയോടുള്ള അതിന്റെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ബ്രിട്ടന്‍ മുസ്‌ലിംകളുടെയോ ഇന്ത്യക്കാരുടെയോ പ്രതിഷേധങ്ങളെ മുഖവിലക്കെടുത്തില്ല. അങ്ങനെയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ‘തര്‍ക്കേ മുവാലാത്തും’ കോണ്‍ഗ്രസ്സിന്റെ മുന്‍കയ്യില്‍ നിസ്സഹകരണ പ്രസ്ഥാനവും രൂപംകൊള്ളുന്നത്. തര്‍ക്കേ മുവാലാത്തും നിസ്സഹകരണവും തമ്മില്‍ ഭാഷയിലെ അന്തരം മാത്രമേയുണ്ടായിരുന്നുള്ളു. ആശയത്തിലും ഉള്ളടക്കത്തിലും അവ ഒന്നുതന്നെയായിരുന്നു. ജിഹാദും അഹിംസയും സഖ്യം ചേര്‍ന്നുവെന്ന് വിശേഷിപ്പിക്കപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ഹോംറൂള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ‘ആന്റി പീസ് സെലിബറേഷന്‍ പബ്ലിസിറ്റി ബോര്‍ഡ്’ രൂപീകരിച്ചു. എംഎ അന്‍സാരിയായിരുന്നു ഈ സമിതിയുടെ ചെയര്‍മാന്‍. സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖകളും ആയിരക്കണക്കിനു സാഹിത്യങ്ങളും വിതരണം ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ സംഘടിപ്പിക്കുന്ന 'പീസ് കാര്‍ണിവല്‍' ബഹിഷ്‌ക്കരിക്കുവാന്‍ ആവശ്യപ്പെട്ട്‌കൊണ്ട് പണ്ഡിതന്മാരുടെ മതവിധിയുടെ ലക്ഷക്കണക്കിന് കോപ്പികള്‍ പ്രചരിപ്പിക്കപ്പെട്ടു. രാജ്യത്തുടനീളം ഖിലാഫത്ത് യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. സൗത്ത് ആഫ്രിക്കയില്‍ തന്റെ സേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി ബ്രിട്ടീഷുകാര്‍ 1899 -1900 കാലയളവില്‍ സമ്മാനിച്ച കൈസര്‍ എ ഹിന്ദ് ഗോള്‍ഡ് മെഡല്‍, സുലു വാര്‍ മെഡല്‍, ബോവര്‍ വാര്‍ മെഡല്‍ എന്നിവ തിരിച്ചേല്‍പ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി വൈസ്രോയിക്ക് ഇപ്രകാരം എഴുതി: 'ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌കൊണ്ട് നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എനിക്ക് ബഹുമതിയായി സമ്മാനിച്ച ഈ പാരിതോഷികങ്ങള്‍ തിരിച്ചു നല്‍കുന്നത്. മുസ്‌ലിം സഹോദരന്മാരുടെ മതവികാരം വ്രണിതമാവുന്ന ഒരു സാഹചര്യത്തില്‍ ആ ബഹുമതികള്‍ അണിയാന്‍ എനിക്ക് കഴിയുകയില്ല.' ഒരു ഖിലാഫത്ത് സമ്മേളനത്തില്‍ പങ്കെടുത്ത്‌കൊണ്ട് മുഹമ്മദലി ഇങ്ങനെ പറഞ്ഞു: 'ഇന്ത്യയെ ബ്രിട്ടനില്‍നിന്നും മോചിപ്പിക്കാനായി അഫ്ഗാന്‍ കടന്നുകയറ്റം നടത്തിയാല്‍, അതിന് സര്‍വസഹായങ്ങളും ചെയ്യേണ്ടത് ഇന്ത്യക്കാരുടെ ബാധ്യതയാണ് എന്ന് ഞാന്‍ കരുതുന്നു. മൗലാന മഹമൂദ് ഹസന്‍, മൗലാന അബ്ദുല്‍ കലാം ആസാദ്, മൗലാന ഹുസൈന്‍ അഹമദ് മദനി, മൗലാന സിയാവുദ്ധീന്‍ അബ്ദുല്‍ ബാരി, മൗലാന യാഖൂബ് ഹസന്‍ സേഠ് തുടങ്ങിയവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പ്രചരണങ്ങള്‍ നടത്തിയ പണ്ഡിതന്മാരില്‍ പ്രമുഖരാണ്.         (തുടരും)
Next Story

RELATED STORIES

Share it