malappuram local

ഖാസിയാരകം-ചീനിക്കല്‍ തോട് നടപ്പാത: 4 ലക്ഷത്തിന് 40 വര്‍ഷം പാട്ടത്തിനു നല്‍കി; പ്രതിഷേധം ശക്തം

കൊണ്ടോട്ടി: വിവാദമായ കൊണ്ടോട്ടി അങ്ങാടിയിലെ ഖാസിയാരകം-ചീനിക്കല്‍ തോട് സ്ലാബിട്ടു മൂടാനും 40 വര്‍ഷത്തിന് 4 ലക്ഷം രൂപക്ക് പാട്ടത്തിന് നല്‍കാനും മുന്‍ പഞ്ചായത്ത് ഭരണ സമിതി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായി വിവരം. മുന്‍ കൊണ്ടോട്ടി പഞ്ചായത്ത് ഭരണ സമിതിയാണ് നടപ്പാതക്കായുള്ള സൗകര്യത്തിനായി സ്ലാബിട്ടു മൂടാന്‍ അനുമതി നല്‍കിയിരുന്നത്.സംഭവത്തില്‍ നഗരസഭക്ക് ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തി.
തോട് സ്ലാബിടുന്നതിനെതിരെ എസ്ഡിപിഐ നിയമ പോരാട്ടം നടത്തിയിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്നാണ് കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നല്‍കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 40 വര്‍ഷത്തിന് 4 ലക്ഷം രൂപക്കാണ് സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്താന്‍ വേണ്ടി മാത്രം അന്നത്തെ ഭരണ സമിതി നല്‍കിയത്.
കഴിഞ്ഞ ദിവസം ബൈക്ക് നിര്‍ത്താനെത്തിയ യുവാവിനെ കച്ചവടക്കാര്‍ തടഞ്ഞിരുന്നു. തങ്ങള്‍ക്ക് വാഹനം നിര്‍ത്താന്‍ പാട്ടത്തിനെടുത്തതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ രംഗത്തെത്തിയത്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോരുമറിയാതെയാണ് പാട്ടത്തിന് നല്‍കിയതെന്നത് ഏറെ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും പോലും പാര്‍ക്കിങിന് സൗകര്യമില്ലാതിരിക്കുമ്പോഴാണ് സ്വകാര്യ കച്ചവടക്കാര്‍ നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനിതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പോലും പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കുന്ന നടപ്പാത എല്ലാവര്‍ക്കും ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാന്‍ നഗരസഭ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചീനിക്കല്‍ തോട് മുന്‍ കൊണ്ടോട്ടി പഞ്ചായത്ത് സ്ലാബിടുന്നതിനെതിരെ എസ്ഡിപിഐ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. പിന്നീട് നടപ്പാതയാക്കി മാറ്റുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്ലാബിട്ടു മൂടുന്നതിന് അനുമതി നല്‍കിയത്.എന്നാല്‍ പൊതു ജനത്തെ തീര്‍ത്തും അവഗണിച്ച് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഇത് പൂര്‍ണമായും കയ്യടിക്കിയിരിക്കുകയാണ്.
കുടുംബസംഗമം
പുത്തനത്താണി: വെട്ടിക്കാട്ട് കുടുംബ സംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ബാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം കാടാമ്പുഴ എസ് ഐ ആര്‍ രജ്ഞിത്ത് നിര്‍വ്വഹിച്ചു. കുഞ്ഞേന്തി ഹാജി, സൈതാലി കുട്ടി ഹാജി, മുസ്ഥഫ ബാഖവി, ഖദീജ നര്‍ഗ്ഗീസ്, അഷ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it