Religion

ഖാദിയാനിസം: അബുല്‍ കലാം ആസാദിന്റെ നിലപാട്

ഖാദിയാനിസം: അബുല്‍ കലാം ആസാദിന്റെ നിലപാട്
X













ഇസ്‌ലാമിന്റെ അടിത്തറയായ മുഹമ്മദീയ പ്രവാചകത്വത്തിന്റെ പരിപൂര്‍ത്തിയും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശനത്തിനുള്ള അവസാന ഗ്രന്ഥമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും വേണ്ടി നിയുക്തനായ ദൈവദൂതനാണ് താനെന്ന് വാദിച്ച മിര്‍സാ ഖാദിയാനി ഇസ്‌ലാമിന് സേവനം ചെയ്ത ആളാണെന്ന് എഴുതിവെക്കുമോ? തീര്‍ച്ചയായും വിശ്വസിക്കാനാവില്ല.




qadiani

പി.പി അബ്ദുറഹ്മാന്‍
മൗലാനാ അബുല്‍ കലാം ആസാദ് 'വകീല്‍' പത്രത്തില്‍ ഖാദിയാനീ പ്രവാചകന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വിയോഗാനന്തരം എഴുതിയെന്ന് പറയപ്പെടുന്ന അനുസ്മരണം ഏറെക്കാലമായി ഖാദിയാനികള്‍ കൊണ്ടാടുന്ന ഒരു കാര്യമാണ്. ലഘുലേഖകളിലും ഫഌക്‌സ് ബോര്‍ഡുകളിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 1908 മെയ് 26നാണ് മിര്‍സാ ഖാദിയാനി മരിച്ചത്. മെയ് 30 ന് പ്രസിദ്ധീകരിച്ച അമൃതസറിലെ 'വകീല്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:
''മാന്ത്രിക ശക്തിയുള്ള തൂലികയും ഐന്ദ്രജാലികമായ നാവും അത്ഭുതകരമായ ധിഷണയും കാഹളധ്വനിയായ ശബ്ദവും വൈദ്യുത് കമ്പികളായ മുഷ്ടികളുമായി 30 വര്‍ഷക്കാലം ഇസ്‌ലാമിന് വേണ്ടി, അതിന്റെ ശത്രുക്കള്‍ക്കെതിരെ പടനയിച്ച മഹദ്‌വ്യക്തിത്വമായിരുന്നു മിര്‍സാ ഖാദിയാനി. ആര്യസമാജക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ രചനകള്‍ പൊതുജനാംഗീകാരം നേടിയവയാകുന്നു. ക്രിസ്തുമതത്തിന്റെ ജീവനാഡി അറുക്കുന്നതും ആര്യസമാജക്കാരുടെ വിഷപ്പല്ലുകള്‍ തകര്‍ക്കുന്നതുമായിരുന്നു അവ.''

ഖുര്‍ആന്‍ വ്യാഖ്യാതാവ്, അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ അഗ്രേസരനായ മൗലാനാ ആസാദ് സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും ദേശീയ നേതാവും പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ഈ രണ്ട് നിലകളിലും ഉന്നത ശീര്‍ഷനായ വ്യക്തിത്വത്തിന്റെ തൂലിക മേല്‍ വാക്യങ്ങള്‍ കുറിച്ചിടുമെന്ന് വിശ്വസിക്കാനാവില്ല. ഇസ്‌ലാമിന്റെ അടിത്തറയായ മുഹമ്മദീയ പ്രവാചകത്വത്തിന്റെ പരിപൂര്‍ത്തിയും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശനത്തിനുള്ള അവസാന ഗ്രന്ഥമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും വേണ്ടി നിയുക്തനായ ദൈവദൂതനാണ് താനെന്ന് വാദിച്ച മിര്‍സാ ഖാദിയാനി ഇസ്‌ലാമിന് സേവനം ചെയ്ത ആളാണെന്ന് എഴുതിവെക്കുമോ? തീര്‍ച്ചയായും വിശ്വസിക്കാനാവില്ല.
abul-khalam-azadഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ അഞ്ചാംപത്തിയുടെ അപ്പോസ്തലനെ, ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് നിഷിദ്ധമാക്കുകയും അവരോടുള്ള അനുസരണം അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ നിര്‍ബന്ധവും ഇസ്‌ലാമിന്റെ പകുതിയുമാണെന്ന് പ്രഖ്യാപിക്കുകയും 1857 ലെ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനായി അമ്പത് അശ്വഭടന്മാരെ നല്‍കി സഹായിച്ച പിതാവിന്റെ ചെയ്തിയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ദേശവിരുദ്ധനെ കുറിച്ച് മൗലാനാ ആസാദ് പുകഴ്ത്തിപ്പറഞ്ഞെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല. ഒന്നുകില്‍ ആസാദ് എഴുതിയതാവില്ല ആ അനുസ്മരണം. അല്ലെങ്കില്‍ മറ്റെന്തിലുമെന്നപോലെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജമാരോപിക്കുകയാണ് ഖാദിയാനികള്‍. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1897ല്‍ മിര്‍സാ ഖാദിയാനിക്ക് അനുസരണപ്രതിജ്ഞ (ബൈഅത്ത്) നല്‍കിയിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവരാണ് അഹ്മദിയാ ജമാഅത്തിന്റെ വിഘടിതവിഭാഗമായ ലാഹോറികള്‍. ഖാദിയാനിസത്തിനനുകൂലമായി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ലേഖനത്തിന് സലക്ഷ്യം മറുപടിയെഴുതിയ ഇഖ്ബാല്‍ ഖാദിയാനിയായിരുന്നുവെന്ന് പരിചയപ്പെടുത്തുന്നവര്‍ക്ക് ആസാദിനെക്കുറിച്ച് എന്താണ് പറഞ്ഞുകൂടാത്തത്! മഹ്ദീ വാദി മിര്‍സാ ഖാദിയാനിയുടെ ജീവചരിത്രം എഴുതിയ മകന്‍ ബശീര്‍ അഹ്മദ് 'സീറതുല്‍ മഹ്ദി' എന്ന ഗ്രന്ഥത്തില്‍ മിര്‍സയുടെ മരണാനന്തരം, അന്നത്തെ വിവിധ പത്രങ്ങളിലെ അനുശോചനക്കുറിപ്പുകള്‍ എടുത്തെഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മേലുദ്ധരിച്ച 'വകീലി'ന്റെ വചനങ്ങളുമുണ്ട്. ''ഇതിലെ പരാമര്‍ശങ്ങള്‍ വായനക്കാര്‍ക്ക് ഏറെ താല്‍പര്യജനകമാവും. എത്ര തന്നെ എതിര്‍പ്പുണ്ടായിട്ടും അഹ്മദികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എവ്വിധം കണ്ടിരുന്നുവെന്നതിന് തെളിവാണ് ഈ കുറിപ്പ്'' എന്ന ആമുഖത്തോടെയാണ് അത് എടുത്ത് ചേര്‍ത്തത്. എന്നാല്‍ അതിലൊന്നും തന്നെ കുറിപ്പെഴുതിയത് അബുല്‍ കലാം ആസാദാണെന്ന് പറഞ്ഞിട്ടില്ല. ആസാദിന്റെതായിരുന്നു ഈ വരികളെങ്കില്‍ ഖാദിയാനി പുത്രന്‍ അക്കാര്യം വലിയ അക്ഷരങ്ങളില്‍ എഴുതുമായിരുന്നു! (സീറത്തുല്‍ മഹ്ദി, ഭാഗം 1, പേജ് 283 കാണുക).
മൗലാനാ ആസാദിന്റെ ആത്മകഥയായ 'ആസാദ് കി കഹാനി ഖുദ് ആസാദ് കി സബാനി' എന്ന ഗ്രന്ഥവും കത്തുകളുടെ സമാഹാരമായ 'ഖുത്തൂതെ ആസാദും' എനിക്ക് വായിക്കാനായത് അടുത്ത കാലത്താണ്. അവയില്‍ ഖാദിയാനിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിന്ന് ഖാദിയാനിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായി മനസ്സിലാക്കാം.
''പഞ്ചാബ് യാത്രക്കിടെ ഞാന്‍ ഖാദിയാനിലും പോയി. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വാദത്തെക്കുറിച്ച് കേട്ടിരുന്നു. ചില കൃതികള്‍ വായിക്കുകയും ചെയ്തിരുന്നു. ഏത് പുതിയ കാര്യവും അറിയാനും മനസ്സിലാക്കാനുമുള്ള അഭിവാഞ്ഛ പ്രകൃത്യാ ഉണ്ടായിരുന്നതിനാല്‍ ഖാദിയാനും സന്ദര്‍ശിക്കാമെന്ന് കരുതി. ബട്ടാലയില്‍ നിന്ന് ഖാദിയാനിലേക്കുള്ള ദുര്‍ഘടമായ വഴിയും കടുത്ത ചൂടും ഏറെ പ്രയാസപ്പെടുത്തി.

















''എന്റെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ'' എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വായിച്ചവയുടെ പേര് പറഞ്ഞു. 'ബദര്‍' പത്രാധിപരോട് ചില പുസ്തകങ്ങള്‍ എനിക്ക് തരാന്‍ വേണ്ടി നിര്‍ദേശിച്ചു. തുടര്‍ന്ന് ഈസാ നബി മരിച്ചുവെന്നും അതാണ് കുരിശുടക്കുകയെന്നതിന്റെ പ്രഖ്യാപനമെന്നും പറഞ്ഞു. അപ്പോള്‍ മാത്രം ഞാന്‍ മറുപടി പറഞ്ഞു: ''താങ്കള്‍ പ്രഖ്യാപിക്കും മുമ്പ് 'അസ്‌റാറുല്‍ ഗൈബ്' എന്ന തഫ്‌സീറെഴുതിയ മുഫസ്സിറും മൗലവി ചിറാഗ് അലിയും സര്‍ സയ്യിദുമൊക്കെ അത് ഉച്ചൈസ്തരം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?








ahmadiyya-muslim





ഖാദിയാന്റെ ഗ്രാമത്തിന് പുറത്ത് ഒരു തോട്ടത്തിലാണ് മിര്‍സാ സാഹിബും അനുയായികളും താമസിച്ചിരുന്നത്. കാന്‍ഗഡയില്‍ കടുത്ത ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്ന് സുരക്ഷിതത്വമോര്‍ത്താണ് അദ്ദേഹം കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് തോട്ടത്തില്‍ തമ്പടിച്ചത്.''
ഏറെ വിനാശം വിതച്ച ഈ ഭൂകമ്പമുണ്ടായത് 1905 ലായിരുന്നു. ആസാദ് ഖാദിയാന്‍ സന്ദര്‍ശിച്ചത് തന്റെ 17ാം വയസ്സിലായിരുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹം തുടര്‍ന്നെഴുതുന്നു:
''മഗ്‌രിബിന് ശേഷമാണ് അവിടെയെത്തിയത്. കുതിരവണ്ടിക്കാരന്‍ മിര്‍സാ സാഹിബിന്റെ അനുയായിയായിരുന്നതിനാല്‍ ലക്ഷ്യത്തിലെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. നേരത്തെ അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാമിന്റെ സമ്മേളനത്തില്‍ വെച്ച് അല്‍ഹകം എഡിറ്റര്‍ മൗലവി യാക്കൂബ് അലിയുമായി പരിചയപ്പെട്ടിരുന്നു. ഖാദിയാനിലേക്ക് ക്ഷണിക്കുകയും വരുന്ന വിവരം അറിയിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എങ്കിലും ഞാന്‍ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നില്ല.
ഒരു മരച്ചുവട്ടില്‍ കട്ടിലിലിരിക്കുകയായിരുന്നു മൗലവി അബ്ദുല്‍ കരീം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ എന്റെ പിതാവിന്റെ ശിഷ്യന്മാരായിരുന്നു. ഞാന്‍ ആഗമനോദ്ദേശ്യം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആതിഥേയത്വം നമ്മുടെ കടമയാണല്ലോ എന്നു പറയുകയും ചെയ്തു.
ഇശാ നമസ്‌കാരം മൗലവി അബ്ദുല്‍ കരീമിന് പിന്നില്‍ നിര്‍വഹിച്ച ശേഷം ഒരു മരച്ചുവട്ടില്‍ കിടന്നു. കുതിരവണ്ടിയിലുള്ള യാത്രയുടെ ക്ഷീണം എന്നെ വേഗത്തില്‍ ഉറക്കി. രാവിലെ ഉണര്‍ന്നപ്പോള്‍ സുബ്ഹ് നമസ്‌കാരത്തിനുള്ള തയാറെടുപ്പ് കണ്ടു. നമസ്‌കാര ശേഷം മിര്‍സാ സാഹിബ് കട്ടിലില്‍ ഇരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ കാലുകള്‍ തിരുമ്മാന്‍ തുടങ്ങി. മൗലവി നൂറുദ്ദീനെ വിളിച്ചുവരുത്തി. തുടര്‍ന്ന് കൂടി നിന്നവര്‍ക്ക് തലേന്ന് രാത്രി ഉണ്ടായ ഇല്‍ഹാമുകള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. 'ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍' എന്ന് രാത്രി ഇല്‍ഹാമുണ്ടായെന്നും അതിന്റെ ആശയം പിടികിട്ടിയില്ലെന്നും നൂറുദ്ദീനോടു പറയുന്നത് കേട്ടു. അദ്ദേഹം പറഞ്ഞ മറുപടി കേള്‍ക്കാനായില്ല.
തുടര്‍ന്ന് എന്നോട് വിശേഷങ്ങള്‍ തിരക്കി. ''താങ്കള്‍ വന്നസ്ഥിതിക്ക് ചുരുങ്ങിയത് നാല്‍പത് ദിവസം ഇവിടെ താമസിക്കണം. പെട്ടെന്ന് വന്ന് പോയത് കൊണ്ട് യാതൊരു ഫലവുമില്ല'' എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയി. മൗലവി അബ്ദുല്‍ കരീം എന്നെ ഉന്നതര്‍ക്ക് പരിചയപ്പെടുത്തി. മൗലവി നൂറുദ്ദീന്‍, മാലിയന്‍ കോട്‌ലയിലെ നവാബ് മുഹമ്മദലി തുടങ്ങിയവരെ കണ്ടു. ജുമുഅയും അവിടെ മൈതാനത്ത് തന്നെ നടന്നു. എന്നെ ഒന്നാമത്തെ നിരയില്‍ ഇരുത്തി.
മിര്‍സാ സാഹിബ് വന്നു ഇമാമിന്റെ മുസല്ലയില്‍ ഇരുന്നു. മൗലവി അബ്ദുല്‍ കരീം ഖുത്വ്ബ നിര്‍വഹിച്ചു. ''മുന്‍ പ്രവാചകന്മാര്‍ക്കൊന്നും നല്‍കാത്ത അനുഗ്രഹങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു മിര്‍സാ സാഹിബ്. റെയില്‍വേ, ടെലഗ്രാം, തപാല്‍, പ്രസ്, പ്രസിദ്ധീകരണങ്ങള്‍ ഇവയൊന്നും മുന്‍പ്രവാചകന്മാര്‍ക്ക് ലഭിക്കാത്തതാണ്. കിഴക്കും പടിഞ്ഞാറും പ്രവാചകന്റെ ശബ്ദമെത്തിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും.'' അദ്ദേഹം പറഞ്ഞു.
ഇമാമായി നിന്നത് മൗലവി അബ്ദുല്‍ കരീം തന്നെയായിരുന്നു. വലതു വശത്ത് രണ്ടിഞ്ച് പിറകിലായി മിര്‍സാ സാഹിബ് തനിച്ച് നിന്നു. മറ്റുള്ളവര്‍ പിന്നില്‍ അണിനിരന്നു. നമസ്‌കാര ശേഷം എന്നോട് അവിടെ കുറച്ച് ദിവസം തങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ ഒഴിവില്ലായ്മ ബോധ്യപ്പെടുത്തി. അവിടത്തെ കാര്യങ്ങള്‍ കാണുക മാത്രമായിരുന്നു യഥാര്‍ഥത്തില്‍ എന്റെ ഉദ്ദേശ്യം. മിര്‍സാ സാഹിബ് തന്റെ വാദങ്ങള്‍ നിരത്താനും തെളിവുകള്‍ സമര്‍ഥിക്കാനും തുടങ്ങി. കേള്‍ക്കുന്നവര്‍ക്ക് പലതും നിഷേധിക്കാനും മറു തെളിവുദ്ധരിക്കാനും പറ്റുന്ന വിവരണങ്ങള്‍. പക്ഷേ ഞാന്‍ നിശ്ശബ്ദനായി കേട്ടിരുന്നു.
''എന്റെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ'' എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വായിച്ചവയുടെ പേര് പറഞ്ഞു. 'ബദര്‍' പത്രാധിപരോട് ചില പുസ്തകങ്ങള്‍ എനിക്ക് തരാന്‍ വേണ്ടി നിര്‍ദേശിച്ചു. തുടര്‍ന്ന് ഈസാ നബി മരിച്ചുവെന്നും അതാണ് കുരിശുടക്കുകയെന്നതിന്റെ പ്രഖ്യാപനമെന്നും പറഞ്ഞു. അപ്പോള്‍ മാത്രം ഞാന്‍ മറുപടി പറഞ്ഞു: ''താങ്കള്‍ പ്രഖ്യാപിക്കും മുമ്പ് 'അസ്‌റാറുല്‍ ഗൈബ്' എന്ന തഫ്‌സീറെഴുതിയ മുഫസ്സിറും മൗലവി ചിറാഗ് അലിയും സര്‍ സയ്യിദുമൊക്കെ അത് ഉച്ചൈസ്തരം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?''
എന്റെ വാക്കുകള്‍ അദ്ദേഹത്തിന് ഒട്ടും രസിച്ചില്ല. ''ചിറാഗ് അലിയും സര്‍ സയ്യിദുമൊക്കെ ഭൗതികമായ നിലയിലാണ് അക്കാര്യം പറഞ്ഞത്-ഞാനത് ആത്മീയ വര്‍ണത്തില്‍ തെളിയിച്ചതാണ്.'' മിര്‍സാ സാഹിബ് അപ്പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഒരു തര്‍ക്കത്തിന് ഞാന്‍ ഒരുക്കമല്ലായിരുന്നു. അത്തരം ഒരു വികാരം എന്നെ പ്രേരിപ്പിച്ചതുമില്ല. എന്റെ ചിന്തകള്‍ അക്കാലത്ത് സര്‍ സയ്യിദിനെയായിരുന്നു പിന്‍പറ്റിയിരുന്നത്. അതിനാല്‍ തന്നെ മീര്‍സയുടെ മിഷ്യനുമായി എനിക്ക് താല്‍പര്യം തോന്നിയിരുന്നില്ല. മൗലവി നൂറുദ്ദീനുമായി അല്‍പം സംസാരിച്ചു. നവാബ് മുഹമ്മദ് അലി, ബട്ടാല വരെ സ്വന്തം വാഹനം എനിക്കായി അയച്ചു തന്നു. ദുര്‍ഘടമായ വഴിതാണ്ടാന്‍ എനിക്കത് ഏറെ ആശ്വാസമേകി.'' (ആസാദ് കി കഹാനി ഖുദ് ആസാദ് കി സബാനി, പേജ് 339-342)
'നദ്‌വതുല്‍ ഉലൂം ലഖ്‌നൗ'വില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്നദ്‌വയുടെ എഡിറ്ററായിരുന്ന കാലത്താണ് ഈ യാത്ര. പത്രപ്രവര്‍ത്തകനായ പതിനേഴുകാരന്റെ ജിജ്ഞാസയാണ് ആസാദിനെ ഖാദിയാനിലെത്തിച്ചത്. പുതിയൊരു കള്‍ട്ടിനെക്കുറിച്ച് അടുത്തറിയുകയായിരുന്നു ലക്ഷ്യം. 1906 ല്‍ ലാഹോറില്‍ അന്‍ജുമന്‍ ഹിമായത്തുല്‍ ഇസ്‌ലാമിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ, സര്‍ സയ്യിദിന്റെ സംഘത്തില്‍പ്പെട്ട ശൈഖ് ഗുലാം മുഹമ്മദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, അദ്ദേഹം അമൃതസറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'വകീല്‍' പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ആ വര്‍ഷാവസാനം സഹോദരന്‍ മരിച്ചതോടെ പിതാവിന്റെ നിര്‍ബന്ധപ്രകാരം മൗലാന കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും അവിടെ 'ദാറുസ്സല്‍ത്തനത്തി'ന്റെ എഡിറ്ററായി നിയമിതനാവുകയും ചെയ്തു. പിന്നീട് വകീല്‍ പത്രവുമായി ബന്ധപ്പെട്ടതിന് ചരിത്ര രേഖകളുടെ പിന്‍ബലമില്ല.
ആസാദിന്റെ ഖാദിയാന്‍ യാത്രാവിവരണമാണ് നാം വായിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയും ഖലീഫമാരുമൊക്കെ കാണിച്ചു തന്ന ഒരു മാതൃകയുണ്ടല്ലോ. ഇമാമും ഖത്തീബും ഖാദിയുമൊക്കെ അവര്‍ തന്നെയായിരുന്നു. ഖാദിയാനികളുടെ പ്രവാചകന്‍ മറ്റൊരാളെ ഇമാമും ഖതീബുമായി നിശ്ചയിക്കുകയും 'അസിസ്റ്റന്റ് ഇമാം' എന്ന പുതിയ തസ്തികയില്‍ സ്വയം അവരോധിതനാവുകയും ചെയ്തുവെന്നാണ് ആസാദിന്റെ സാക്ഷ്യം. മുന്‍പ്രവാചകന്മാരോട് മിര്‍സാ ഖാദിയാനിക്ക് സാമ്യത തേടുന്നവരാണ് യഥാര്‍ഥത്തില്‍ വിഡ്ഢികള്‍. തനിക്കവതരിച്ച വഹ്‌യിന്റെ ആശയം അനുയായികളോട് അന്വേഷിക്കുന്നത് ആദ്യമായല്ല. പലതവണ ആവര്‍ത്തിച്ചതാണത്. അത് വഴി ഒരുപാട് നഷ്ടങ്ങള്‍ അദ്ദേഹത്തിന് സംഭവിച്ചതുമാണ്.

mirsa-gulam-ahmed
ഈസാ മരിച്ചുവെന്ന പ്രഖ്യാപനത്തിലൂടെ, കുരിശുടക്കുകയെന്ന വാഗ്ദത്ത മസീഹിന്റെ ദൗത്യം താന്‍ പൂര്‍ത്തീകരിച്ചുവെന്ന അവകാശവാദം പക്ഷേ ആസാദിനെപ്പോലെ ഒരു പണ്ഡിതന്റെ മുമ്പില്‍ വിലപ്പോവില്ല. മിര്‍സയെക്കാള്‍ പ്രശസ്തരും പ്രഗത്ഭരുമായ സര്‍ സയ്യിദ് അഹ്മദ് ഖാനും മൗലവി ചിറാഗ് അലിയും ചില മുഫസ്സിറുകളും ഇക്കാര്യം ഉച്ചൈസ്തരം പ്രഖ്യാപിച്ചതാണല്ലോ എന്ന മറുപടി മിര്‍സയുടെ നെറ്റി ചുളിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
മൗലാന ആസാദിന്റെ, ഖാദിയാനിസത്തോടുള്ള നിലപാട് വ്യക്തമാക്കുന്ന ഒന്ന് രണ്ട് കത്തുകള്‍ കൂടി വായിക്കുക:
ബാലിഗഞ്ച്, സര്‍കുലര്‍ റോഡ്
കല്‍കത്ത, 18-03-1936
വന്ദ്യനായ ഹകീം സഅദുല്ലാ ഗയാവി, അസ്സലാമു അലൈക്കും.
താങ്കളുടെ എഴുത്തു കിട്ടി. അഹ്മദീ ജമാഅത്തില്‍ എത് വിഭാഗമാണ് സത്യപ്രസ്ഥാനം എന്നാണല്ലോ ചോദ്യം. ഖാദിയാനികളും ലാഹോറികളും സത്യമാര്‍ഗത്തിലല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഖാദിയാനി വിഭാഗം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്ന് ബഹുദൂരം മാറിപ്പോയിരിക്കുന്നു. വിശ്വാസിയാകാനും മോക്ഷം നേടാനും ഇസ്‌ലാമിന്റെ സര്‍വാംഗീകൃത വിശ്വാസം പോരെന്നും, മിര്‍സാ ഖാദിയാനിയുടെ പ്രവാചകത്വം കൂടി അംഗീകരിക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. ലാഹോറികളാകട്ടെ അദ്ദേഹത്തിന്റെ പ്രവാചകത്വം അംഗീകരിക്കുന്നില്ല. ഈമാന്‍ കാര്യത്തില്‍ അത് എണ്ണുന്നുമില്ല. എന്നാല്‍ മിര്‍സാ ഖാദിയാനിയെക്കുറിച്ച് അടിസ്ഥാനരഹിതമായ വിശ്വാസമാണ് അവര്‍ മുമ്പോട്ട് വെക്കുന്നത്.
മിര്‍സാ സാഹിബിന്റെ വാദത്തെപ്പറ്റിയാണെങ്കില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനം അറിയാവുന്ന സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഒരു നിമിഷത്തേക്ക് പോലും അംഗീകരിക്കാന്‍ സാധ്യമല്ല.
ഈ വിഷയത്തില്‍ താങ്കള്‍ക്ക് ഉണ്ടായ അങ്കലാപ്പിന് പരിഹാരമായി ഞാനൊരു കാര്യം പറയാം. ഇതില്‍ ശ്രദ്ധ ചെലുത്തിയാല്‍ താങ്കളുടെ സംശയം തീരും.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും മനുഷ്യന്റെ മോക്ഷപ്രാപ്തിക്ക് ആവശ്യമായ എല്ലാ വിശ്വാസകാര്യങ്ങളും ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? മോക്ഷത്തിനാധാരമായ ഒരു കാര്യവും അത് വിട്ടുപോയിട്ടില്ലെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ഏതെങ്കിലും പുതിയ നിയോഗത്തില്‍ വിശ്വസിക്കാന്‍ അത് കല്‍പ്പിക്കുമായിരുന്നുവല്ലോ. നമസ്‌കാരവും സകാത്തും കല്‍പിച്ചത് പോലെത്തന്നെ അത് ഖുര്‍ആനില്‍ കാണുമായിരുന്നു.
ശരി, ഖുര്‍ആനില്‍ ഒരായത്തെങ്കിലും കാണുമോ, ഏതെങ്കിലും കാലത്ത് ഒരു നബിയോ മസീഹോ മുജദ്ദിദോ നിയുക്തനാകുമെന്നും അയാളില്‍ വിശ്വസിക്കണമെന്നും ഉണര്‍ത്തിക്കൊണ്ട്? ഇല്ലെങ്കില്‍ എന്തിന് താങ്കള്‍ ഇത്തരം കോലാഹലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം?
രണ്ട് രൂപങ്ങളേ ഇക്കാര്യത്തിലുള്ളൂ. ഒന്നുകില്‍ മോക്ഷത്തിനാവശ്യമായ എല്ലാ വിശ്വാസകാര്യങ്ങളും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും അത് മതിയാവുമെന്നും വിശ്വസിക്കുക. ഇനിയും പുതിയതെന്തെങ്കിലും മോക്ഷത്തിനായി ആവശ്യമെങ്കില്‍ ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് വിശ്വസിക്കേണ്ടി വരും. മൂന്നാമതൊരു നിലപാട് ഇക്കാര്യത്തിലില്ല.
മുസ്‌ലിമിന് ഈ രണ്ട് മാര്‍ഗങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഒന്നുകില്‍ ഖുര്‍ആന്‍ സമ്പൂര്‍ണമെന്ന് കരുതി, അതില്‍ പറഞ്ഞ വിശ്വാസ കാര്യങ്ങള്‍ അംഗീകരിക്കുക. അല്ലെങ്കില്‍ അതിന് സമ്പൂര്‍ണത കല്‍പ്പിക്കാതിരിക്കുക.
-അബുല്‍ കലാം.


1936 ജൂണ്‍ 5 നെഴുതിയ കത്തില്‍ മൗലാനാ ആസാദ് ഇക്കാര്യം ഒന്ന്കൂടി വിശദീകരിക്കുന്നു:
ബഹുമാനപ്പെട്ട ഹകീം സഅദുല്ല ഗയാവി,
അസ്സലാമു അലൈക്കും.
നേരത്തേ അയച്ച കത്തില്‍ വ്യക്തമായി എഴുതിയ കാര്യങ്ങളില്‍ ഒന്നുകൂടി ശ്രദ്ധചെലുത്തുക. എങ്കില്‍ ഇനിയും താങ്കളുടെ ചോദ്യം പ്രസ്‌കതമല്ലെന്ന് മനസ്സിലാകും.
ഓരോ നൂറ്റാണ്ടിലും ഓരോ പരിഷ്‌കര്‍ത്താവ് (മുജദ്ദിദ്) നിയുക്തനാവുമെന്നും അദ്ദേഹത്തില്‍ വിശ്വസിക്കുക നിര്‍ബന്ധമാണെന്നും ഖുര്‍ആനില്‍ ഏത് സൂക്തത്തിലാണ് പറഞ്ഞിട്ടുള്ളത്? മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിച്ച ഖുര്‍ആനില്‍ അത് കാണാനാവില്ല. എങ്കില്‍ പിന്നെ താങ്കള്‍ എന്തിന് തല പുണ്ണാക്കണം?
അല്ലാഹുവിന്റെ പരിപൂര്‍ണവും അന്തിമവുമായ മാര്‍ഗം വന്നു കഴിഞ്ഞു. അതാണ് ഖുര്‍ആന്‍. അതിന്റെ പ്രബോധകനാണ് മുഹമ്മദ് നബി. അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ പരലോക മോക്ഷാര്‍ഹനായി. ഒട്ടും കൂടുതല്‍ വേണ്ട, കുറവും പാടില്ല. ഏതെങ്കിലും പരിഷ്‌കര്‍ത്താ(മുജദ്ദിദില്‍)വില്‍ വിശ്വസിക്കാതെ രക്ഷയില്ലെന്ന് പറയുന്നവന്‍ ഇസ്‌ലാമിനെതിരില്‍ കള്ളം കെട്ടിപ്പറയുകയാണ്.
ഇനിയുള്ളത് മസീഹിന്റെ ആഗമനത്തെക്കുറിച്ചാണ്. മോക്ഷത്തിനും രക്ഷയ്ക്കും മസീഹിന്റെ ആഗമനത്തില്‍ വിശ്വാസിക്കണമായിരുന്നെങ്കില്‍ അക്കാര്യം ഖുര്‍ആന്‍ തന്നെ പറയേണ്ടിയിരുന്നു. എന്നാല്‍ ഖുര്‍ആനിലൊരിടത്തും അത്തരം ഒരു പരാമര്‍ശമില്ല. പ്രവാചകനോ അവതാരപുരുഷനോ (ഹഖീഖിയോ ബുറൂസിയോ) ആയ ഒരു മസീഹും വരില്ലെന്നാണ് നമ്മുടെ വിശ്വാസം. കാരണം ഖുര്‍ആന്‍ അവതരിച്ചു കഴിഞ്ഞു. അത് മതത്തെ സമ്പൂര്‍ണമാക്കുകയും ചെയ്തു.
-അബുല്‍ കലാം.
Next Story

RELATED STORIES

Share it