ഖദാമത്ത് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന്

കൊച്ചി: കേരളത്തിലെ പ്രവര്‍ത്തനം പുരനാരംഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലും ജനങ്ങളുടെ താല്‍പര്യവും കണക്കിലെടുത്തെന്ന് കുവൈത്തിലേക്കു പോവുന്നവരുടെ മെഡിക്കല്‍ പരിശോധനയുടെയും സ്‌ക്രീനിങിന്റെയും ചുമതലക്കാരായ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ്.
മെഡിക്കല്‍ പരിശോധനയും സ്‌ക്രീനിങും ഇപ്പോള്‍ കാര്യക്ഷമമാണെന്നും 200ലധികം പേര്‍ ദിവസവും ഖദാമത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഖദാമത്ത് ഉടമകളായ കുവൈത്തിലെ പബ്ലിക് സര്‍വീസസ് കമ്പനി ഫോറിന്‍ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അദൈല്‍ നാസര്‍ അല്‍ ജുമൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖദാമത്ത് ഈടാക്കുന്നത് കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കാണ്. ഈ തുക കുവൈത്തിലെ തൊഴില്‍ ദാതാവ് മുന്‍കൂറായി നല്‍കുന്നുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അടച്ച ഫീസ് തിരിച്ചു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെത്തിയ ശേഷം ഒരാള്‍ ആരോഗ്യപരമായി യോഗ്യനല്ലെന്നു കണ്ടെത്തിയാല്‍ അടച്ച ഫീസ് തിരികെ നല്‍കുന്നതിനു പുറമേ അവരുടെ വിമാന നിരക്കും മറ്റ് അനുബന്ധ ചെലവുകളും ഖദാമത്തു വഹിക്കും.
ചില ഏജന്റുമാര്‍ മെഡിക്കല്‍ പരിശോധനയ്ക്കും സ്‌ക്രീനിങിനുമുള്ള ഫീസ് നേരിട്ടു നല്‍കാറുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാതെ ഏജന്റുമാരില്‍ നിന്ന് ഫീസ് ഈടാക്കുന്ന സംവിധാനം കൊണ്ടുവരുന്നതിനോട് ഖദാമത്തിനു വിയോജിപ്പില്ല. പക്ഷേ ഇക്കാര്യം തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഇതു സാധ്യമാവില്ലെന്നും അല്‍ ജമൂര്‍ വ്യക്തമാക്കി. കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഖദാമത്തിന് മേഖലാ ഓഫിസുകളുണ്ട്. ഉപദേഷ്ടാവ് എ സല്‍മാന്‍, ഖദാമത്ത് കൊച്ചി ഓപറേഷന്‍സ് മാനേജര്‍ മാത്യുസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it