Gulf

ഖത്തറിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണം: പരിഷ്‌കരണ നടപടികളില്‍ ഐഎല്‍ഒയ്ക്ക് ശുഭാപ്തി വിശ്വാസം

ദോഹ: തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഖത്തര്‍ നടത്തുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തൊഴില്‍ മേഖല സംബന്ധിച്ച് നിലനില്‍ക്കുന്ന ആരോപണങ്ങള്‍ പരിഹരിക്കുന്നതിന് ഖത്തറിന് ഒരു വര്‍ഷത്തെ സമയം കൂടി അനുവദിക്കണമെന്നും ഐഎല്‍ഒ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഖത്തറില്‍ ഐഎല്‍ഒ നടത്തിയ അന്വേഷണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് സ്‌പോണ്‍സര്‍ഷിപ്പ് നിയമ ഭേദഗതി നടപ്പില്‍ വരുത്തുന്നത് മാറ്റി വയ്ക്കാനാണ് തീരുമാനം. ഐഎല്‍ഒയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഇന്നലെ സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന യോഗത്തില്‍ സമര്‍പ്പിച്ചു.
തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അത് പരിഹരിക്കുന്നതിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുമാണ് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തൊഴില്‍ സാഹചര്യം മെച്ചപ്പടുത്തുന്നതിന് ഖത്തര്‍ നടത്തുന്ന ശക്തമായ നടപടികള്‍ സംബന്ധിച്ചും ഇനിയും ബാക്കിയുള്ള വെല്ലുവിളികള്‍ സംബന്ധിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐഎല്‍ഒ പ്രതിനിധികള്‍ ഖത്തറിലെ ലേബര്‍ കാംപുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചും സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചുമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
ദോഹ മെട്രോയില്‍ പണിയെടുക്കുന്നവര്‍ താമസിക്കുന്ന വക്‌റയിലെ ലേബര്‍ ക്യാംപ് കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേതന സംരക്ഷണ സംവിധാനം, റിക്രൂട്ട്‌മെന്റ് കമ്പനികളെ നിരീക്ഷിക്കാന്‍ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം, ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് തുടങ്ങിയ കാര്യങ്ങള്‍ ഖത്തര്‍ നടപ്പാക്കി വരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം യുഎന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത വീട്ടുജോലിക്കാരുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ കരട് നിയമം ഈ വര്‍ഷം മന്ത്രിസഭയുടെ പരിഗണനയില്‍ വരുമെന്ന് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് ഐഎല്‍ഒയെ അറിയിച്ചു.
അതേ സമയം, ചില ലേബര്‍ കാംപുകളിലെ ദയനീയ സാഹചര്യത്തെക്കുറിച്ചും ഈ വര്‍ഷം അവസാനം നടപ്പിലാവാന്‍ പോവുന്ന സ്‌പോണ്‍സര്‍ഷിപ്പ് ഭേദഗതി നിയമത്തിന്റെ പോരായ്മകളെക്കുറിച്ചുമുള്ള ആശങ്കകളും പ്രതിനിധി സംഘം സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ടെന്ന് ദോഹന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it