World

ഖത്തറിനു വേണ്ടി ചാരവൃത്തി നടത്തിയതായി ആരോപണം; ഈജിപ്തില്‍ ആറുപേര്‍ക്ക് വധശിക്ഷ

കെയ്‌റോ: ഖത്തറിനുവേണ്ടി ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കേസില്‍ ആറുപേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചു. വിധിയില്‍ ഈജിപ്ത് മുഫ്തിയുടെ (ഉന്നത സുന്നിനേതാവ്) അഭിപ്രായം തേടും. മുഫ്തി ഒപ്പുവച്ചാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്ന് ഈജിപ്ഷ്യന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ശിക്ഷ സംബന്ധിച്ച മുഫ്തിയുടെ അഭിപ്രായം പരിഗണിക്കാതിരിക്കാനും കോടതിക്ക് അധികാരമുണ്ട്. അല്‍ജസീറ അറബിക് ചാനല്‍ ന്യൂസ് ഡയറക്ടര്‍ ഇബ്രാഹീം മുഹമ്മദ് ഹിലാല്‍, റിപോര്‍ട്ടര്‍ അലാ ഒമര്‍ മുഹമ്മദ് സബ്‌ലാന്‍, ബ്രദര്‍ഹുഡ് അനുകൂല മാധ്യമം റസ്സദ് ന്യൂസുമായി ബന്ധമുണ്ടെന്നു കരുതുന്ന റിപോര്‍ട്ടര്‍ ഓസ്മാ മുഹമ്മദ് അല്‍കാതിബ് എന്നീ മാധ്യമപ്രവര്‍ത്തകരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിലുള്‍പ്പെടുന്നു. കേസില്‍ വിധിക്കെതിരേ പ്രതികള്‍ക്ക് അപ്പീല്‍ പോവാമെന്നു കോടതി അറിയിച്ചു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ്് മുഹമ്മദ് മുര്‍സിക്കെതിരേയും ചാരവൃത്തിക്കേസില്‍ ശിക്ഷാവിധി പുറത്തുവന്നിരുന്നു. 2013ല്‍ അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കി അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ സൈനിക ഭരണകൂടം നിലവില്‍ വന്നശേഷം നിരവധി ബ്രദര്‍ഹുഡ് നേതാക്കളും അനുകൂലികളും വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it