Gulf

ഖത്തര്‍ ലോകത്ത് ഏറ്റവും സുരക്ഷയുള്ള രണ്ടാമത്തെ രാജ്യം

ഖത്തര്‍ ലോകത്ത് ഏറ്റവും  സുരക്ഷയുള്ള രണ്ടാമത്തെ രാജ്യം
X
Qatar-West-Bay-view
ദോഹ: 70 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സൂചികയില്‍ ഖത്തര്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. കുറ്റകൃത്യ നിരക്ക്, തൊഴിലില്ലായ്മ, ആക്രമണ സാധ്യത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 10 പ്രധാന വിഭാഗങ്ങളില്‍ മൂന്നെണ്ണത്തില്‍ ഖത്തര്‍ ഒന്നാമതെത്തി. ചുരുങ്ങിയ തൊഴിലില്ലായ്മ, പരിമിതമായ ഭീകരാക്രമണ സാധ്യത, പ്രകൃതി ദുരന്ത സാധ്യതയില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് സുരക്ഷിത രാജ്യമെന്ന പദവി നേടാന്‍ ഖത്തറിനെ സഹായിച്ചത്. അതേ സമയം, മലിനീകരണം, ജീവിതച്ചെലവ് എന്നിവയുടെ കാര്യത്തില്‍ മോശം പ്രകടനമാണ് ഖത്തര്‍ കാഴ്ച്ചവച്ചത്. മലിനീകരണത്തിന്റെ കാര്യത്തില്‍ 70 രാജ്യങ്ങളുടെ കൂട്ടത്തില്‍ 66ാം സ്ഥാനവും ജീവിതച്ചെലവില്‍ 46ാം സ്ഥാനവുമാണ് ഖത്തറിന്.
യുനൈറ്റഡ് നാഷന്‍സ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, വിഷന്‍ ഫോര്‍ ഹ്യുമാനിറ്റി, ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, യുഎന്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് റാങ്കിങ് തയ്യാറാക്കിയത്.
ആയുസ്സ്, കുറ്റകൃത്യ സൂചിക, മലിനീകരണ സൂചിക, ആഗോള സാമാധാന സൂചിക, ആഗോള ഭീകരാക്രമണ സൂചിക, ഒരു ലക്ഷം പേരില്‍ ആത്മഹത്യാ നിരക്ക്, തൊഴിലില്ലായ്മാ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത, ഉപഭോക്തൃ സൂചിക പ്രകാരമുള്ള ജീവിതച്ചെലവ്, ആരോഗ്യ സേവന രംഗത്തെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിച്ചിരുന്നു.
ഈ വര്‍ഷത്തെ പഠനത്തില്‍ ആദ്യ 24 സ്ഥാനങ്ങള്‍ കിട്ടിയ രാജ്യങ്ങളുടെ സ്‌കോറും ഓരോ വിഭാഗത്തിലും കിട്ടിയ മാര്‍ക്കും മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
19.8 സ്‌കോര്‍ നേടിയ സിംഗപ്പൂരാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. കുറ്റകൃത്യം, ഭീകരാക്രമണ സാധ്യത, തൊഴിലില്ലായ്മ, ആയുസ്സ് തുടങ്ങിയവയുടെ കാര്യത്തില്‍ സിംഗപ്പൂര്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചപ്പോള്‍ ജീവിതച്ചെലവ്, ആരോഗ്യ സേവനം തുടങ്ങിയവയില്‍ പിന്നിലോട്ട് പോയി.
സ്വിറ്റ്‌സര്‍ലന്റ്(മൂന്നാം സ്ഥാനം), ഡെന്‍മാര്‍ക്ക്(നാല്), ജര്‍മനി(അഞ്ച്) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. മെന മേഖലയില്‍ നിന്ന് ആദ്യ 20ല്‍ ഇടം പിടിച്ച മറ്റൊരു രാജ്യം യുഎഇ(16ാം സ്ഥാനം) മാത്രമാണ്.
സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മിക്ക സൂചികകളിലും ഖത്തര്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാറുണ്ട്.
കുറ്റകൃത്യങ്ങളിലെ കുറവും ക്രമസമാധാന രംഗത്തെ മികച്ച പ്രകടനവുമാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഒരു യുഎസ് സംഘടന നടത്തിയ ആഗോള പഠനത്തില്‍ ഏറ്റവും സുരക്ഷയുള്ള ചെറു രാജ്യങ്ങളില്‍ ആറാം സ്ഥാനം ഖത്തറിനായിരുന്നു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുമ്പോഴും കുറ്റകൃത്യ നിരക്ക് കുറഞ്ഞുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളും സൂചിപ്പിക്കുന്നു.  [related]
Next Story

RELATED STORIES

Share it