Gulf

ഖത്തര്‍ നേരിടുന്ന വെല്ലുവിളികള്‍ ഹ്രസ്വകാലത്തേക്കെന്ന് വിദഗ്ധര്‍

ദോഹ: ഖത്തര്‍ സാമ്പത്തിക രംഗം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ ഹ്രസ്വ കാലത്തേക്ക് മാത്രമുള്ളതാണെന്നും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അത് ശക്തമായി തുടരുമെന്നും വിദഗ്ധര്‍. 2022ലെ ലോക കപ്പുമായി ബന്ധപ്പെട്ട് പൊതുഖജനാവില്‍ നിന്നൊഴുകുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കാര്യമായ ഊര്‍ജ്ജം പകരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കട്ടി.
നിരവധി വ്യാപാര സാധ്യതകള്‍ ഖത്തറില്‍ പ്രയോജനപ്പെടുത്താതെ കിടക്കുന്നുണ്ടെന്ന് അംവാല്‍ സിഇഒ ഫഹ്മി അല്‍ഗുസയ്ന്‍ പറഞ്ഞു. ഖത്തറിലെ സമ്പത്തിന്റെ രണ്ട് ശതമാനം മാത്രമാണ് പ്രൊഫഷനലുകള്‍ കൈകാര്യം ചെയ്യുന്നത്. സൗദിയില്‍ ഇത് 5 ശതമാനമാണ്. വികസിത രാജ്യങ്ങളില്‍ അതിലും കൂടുതലാണിത്. അതു കൊണ്ട് തന്നെ ഖത്തറില്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള ജിസിസിയുടെ സ്വകാര്യ സ്വത്തുക്കള്‍ പ്രാദേശിക വിപണിയിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ വളരുന്ന സാധ്യതകള്‍ എന്ന വിഷയത്തില്‍ ദോഹ ബാങ്ക് അതിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, എണ്ണവിലയിലെ കുറവ് സൃഷ്ടിച്ച വെല്ലുവിളികള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ എക്‌സ്‌ചേഞ്ച് സിഇഒ റാഷിദ് ബിന്‍ അലി അല്‍മന്‍സൂരി, ക്യുഎഫ്‌സി സിഇഒയും ബോര്‍ഡ് മെംബറുമായ യൂസൂഫ് മുഹമ്മദ് അല്‍ജെയ്ദ, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആര്‍ സീതാരാമന്‍, ജപ്പാന്‍, ബ്രിട്ടന്‍, ഇന്ത്യന്‍, സിംഗപ്പൂര്‍, മെക്‌സിക്കോ, കെനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
ഖത്തറിന്റെ 2016ലെ ജിഡിപി 4.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീതാരാമന്‍ പറഞ്ഞു. 156 ബില്ല്യന്‍ വരവും 202.5 ബില്യന്‍ ചെലവുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലയിലാണ് 2016ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഖത്തറെന്ന് അല്‍മന്‍സൂരി പറഞ്ഞു. ഖത്തര്‍ സാമ്പത്തിക മേഖലയെ പിന്തുണക്കുന്നകയെന്നതാണ് ഖത്തര്‍ എക്‌സ്‌ചേഞ്ചിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ധന കമ്മി നേരിടുന്നുണ്ടെങ്കിലും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലൂടെയും സ്വകാര്യ മേഖലയുടെ വളര്‍ച്ചയിലൂടെയും ശക്തമായി മുന്നോട്ട് പോകാനാവുമെന്ന് ക്യുഎഫ്‌സി സിഇഒ അല്‍ജെയ്ദ് പറഞ്ഞു.
Next Story

RELATED STORIES

Share it