Gulf

ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത് ലേബര്‍ ക്യാംപുകളില്‍

ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത് ലേബര്‍ ക്യാംപുകളില്‍
X
labour11

ദോഹ: ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത് ലേബര്‍ ക്യാംപുകളിലാണെന്ന് വികസന-ആസൂത്രണ-സ്ഥിതി വിവരക്കണക്ക് മന്ത്രാലയം (എംഡിപിഎസ്). 2015ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് കഴിഞ്ഞയാഴ്ചയാണ് മന്ത്രാലയം പുറത്തുവിട്ടത്. 2010ല്‍ ഇത് 54 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതായാണ് ഇത് കാണിക്കുന്നത്.
വീടുകളുടെ പരമ്പരാഗത നിര്‍വചനത്തില്‍ പെടാത്ത, ഏഴോ അതിലധികമോ പേര്‍ താമസിക്കുന്ന താമസ കേന്ദ്രങ്ങളെയാണ് എംഡിപിഎസ് ലേബര്‍ ക്യാംപ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതു പ്രകാരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കു പുറമേ രാജ്യത്തെ റീട്ടെയില്‍, സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും ഇതില്‍പ്പെടുമെന്നാണ് കരുതുന്നത്.
2010 മുതല്‍ 2015വരെ ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ 5,25,000 പേരുടെ വര്‍ധനവുണ്ടായതായി എംഡിപിഎസ് കണക്കുകള്‍ പറയുന്നു. 14.4 ലക്ഷമാണ് 2015ല്‍ ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവരുടെ എണ്ണം. ഇതേ കാലയളവില്‍ ഖത്തറില മൊത്തം ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവ് 7,05,341 ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഖത്തറിലെത്തിയ നാലില്‍ മൂന്ന് പേരും ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഖത്തറിലെ താഴ്ന്ന വരുമാനക്കാരുടെ താമസ സ്ഥലങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു. കുടുസ്സ് മുറികളില്‍, ഖത്തറില്‍ നിയമ വിരുദ്ധമായ ബങ്ക് ബെഡ്ഡുകള്‍ ഇട്ട് നിരവധി പേര്‍ താമസിക്കുന്നതായും വൃത്തിഹീനമായ സാഹചര്യമാണ് പല താമസ സ്ഥലങ്ങളിലും ഉള്ളതെന്നും പരാതിയില്‍ പറയുന്നു.
രാജ്യത്തെ നിര്‍മാണ മേഖലയിലുണ്ടായ വളര്‍ച്ചയാണ് ബ്ലൂ കോളര്‍ തൊഴിലാളികളുടെ വര്‍ധനയ്ക്ക് പ്രധാന കാരണം. എന്നാല്‍, ലേബര്‍ ക്യാംപുകളിലെ സ്ത്രീകളുടെ എണ്ണവും കൂടിയതായി കണക്കുകള്‍ പറയുന്നു. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യാത്തവരാണ് സ്ത്രീകള്‍. 2010ല്‍ ലേബര്‍ ക്യാംപുകളില്‍ താമസിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 15,000 ആയിരുന്നെങ്കില്‍ 2015 ല്‍ അത് 96,000 ആയി.
Next Story

RELATED STORIES

Share it