Gulf

ഖത്തര്‍ എയര്‍വെയ്‌സിന് 25 ശതമാനം വളര്‍ച്ചയെന്ന് അല്‍ബാക്കിര്‍

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് കഴിഞ്ഞ വര്‍ഷം 25 ശതമാനം വളര്‍ച്ച കൈവരിച്ചതായി സിഇഒ അക്ബര്‍ അല്‍ബാക്കിര്‍. ബഹ്‌റയ്‌നില്‍ നടന്ന ഇന്റര്‍നാഷനല്‍ എയര്‍ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കാര്യക്ഷമതയും യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിമാന സൗകര്യം ഏര്‍പ്പെടുത്തുന്നതുമാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയതും മുന്നോട്ടുള്ള കുതിപ്പിന് കാരണമായി.
2015ല്‍ ആംസ്റ്റര്‍ഡാമിലേക്ക് പുതിയ വിമാനങ്ങള്‍ പറത്തുകയും ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്ക് അധിക സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ ദക്ഷിണാഫ്രിക്കയിലെ നിരവധി നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതായി അല്‍ബാക്കിര്‍ പറഞ്ഞു.
യാത്രാനിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ തന്നെ വര്‍ധനവുണ്ടായതായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു. മിഡില്‍ ഈസ്റ്റില്‍ എണ്ണവിലയിലുണ്ടായ ഇടിവ് യാത്രാ നിരക്ക് കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഗള്‍ഫ് വിമാനക്കമ്പനികള്‍ ലയിപ്പിക്കാനുള്ള സാധ്യത അല്‍ബാക്കിര്‍ തള്ളിക്കളഞ്ഞു. ഖത്തര്‍ എയര്‍വെയ്‌സ് പോലെ തന്നെ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ ഗള്‍ഫ് വിമാനകമ്പനികളും വളര്‍ച്ചയുടെ പാതയിലാണ്. ഇത് ഗള്‍ഫ് വ്യോമ പാതയില്‍ ബാഹുല്യം സൃഷ്ടിക്കുന്നുണ്ട്. ഈയിടെ അമേരിക്കയില്‍ എയര്‍ലൈന്‍ കമ്പനികള്‍ ലയിപ്പിച്ചത് രാജ്യത്തെ വ്യോമഗതാഗത ലാഭത്തില്‍ വര്‍ധനവുണ്ടാക്കിയിരുന്നു.
ഇത്തിഹാദും എമിറ്റേറ്റ്‌സും കഴിഞ്ഞ സാമ്പത്തിക വര്‍ഷം യഥാക്രമം 7.3 കോടി ഡോളര്‍, 120 കോടി ഡോളര്‍ ലാഭമുണ്ടാക്കിയതായി കണക്കുകള്‍ പറയുന്നു.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ലാഭം 10.3 കോടി ഡോളറാണെന്ന് അല്‍ബാക്കിര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it