malappuram local

കൗമാര കലാവിരുന്നിന് ഇന്ന് തിരശ്ശീല ഉയരും

അരീക്കോട്: കാല്‍പ്പന്തുകളിയുടെ ഇന്ദ്രജാലങ്ങള്‍ക്ക് വീറുംവാശിയും നല്‍കിയ അരീക്കോടിന്റെ മണ്ണില്‍ കൗമാരോല്‍സവത്തിന് ഇന്ന് അരങ്ങ് ഉണരും. ഇരുപത്തിയെട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം അരീക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് തുടങ്ങുന്നതോടെ ഏറനാടിന്റെ ഈ മണ്ണ് ഇനിയുള്ള അഞ്ചുദിനങ്ങളില്‍ കലയുടെ മൊഞ്ച് തീര്‍ക്കും. ആദ്യമായി ജില്ലാ കലോല്‍സവത്തിന് ആഥിത്യം വഹിക്കുന്ന അരീക്കോട് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 17 സബ്ജില്ലകളില്‍ നിന്നായി 8000 ഓളം വിദ്യാര്‍ഥികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഇന്നുമുതല്‍ മല്‍സരിക്കാനിറങ്ങും. സംസ്‌കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മല്‍സരം.
അരീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലും ഐടിഐ റോഡിന് സമീപത്തുമായി 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. ഇന്നു രാവിലെ ഒന്‍പതുമണിക്ക് മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കും. അരീക്കോട് എംഇഎ കോളജ് ഗ്രൗണ്ടില്‍ 10 മണിക്ക് ബാന്റ് മേളത്തോടെയാണ് മല്‍സരങ്ങള്‍ക്ക് തുടങ്ങുക. നാളെ അരീക്കോട സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ രചനാ മല്‍സരങ്ങള്‍ നടക്കും. അരീക്കോട് നഗരത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലത്തിലാണ് അരീക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. അതിനാന്‍ തന്നെ വേദികളിലേക്ക് വിപുലമായ വാഹനസൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അരീക്കോട് ടൗണില്‍ നിന്നു വാഹനസൗകര്യം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുണ്ടാവും. കലോല്‍സവ നഗരിയില്‍ കനത്ത സുരക്ഷ പോലിസ് ഒരുക്കിയിട്ടുണ്ട്.
പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള പന്തലാണ് നഗരിയില്‍ തയ്യാറായിട്ടുള്ളത്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണിക്കുറി പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. ഇന്നു വൈകീട്ട് മൂന്നിന് മേളയുടെ വിളംബരമോതി ഘോഷയാത്ര അരീക്കോട് ജിഎംയുപി സ്‌കൂളില്‍ നിന്ന് തുടങ്ങും. മലപ്പുറം ഡിവൈഎസ്പി എ ഷറഫുദ്ദീന്‍ ഫഌഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പുറമെ നാട്ടുകാരും അണിനിരക്കുന്ന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകും. വൈകീട്ട് അഞ്ചിന് വേദി ഒന്നില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങും. പി കെ ബഷീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍, എംപിമാരായ എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും.
Next Story

RELATED STORIES

Share it