wayanad local

കൗമാരകലയുടെ സംഗമവേദിയായ സര്‍ഗോല്‍സവത്തിന് ഇന്നു തുടക്കം

കല്‍പ്പറ്റ: കുട്ടികളിലെ കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കൗമാരകലയുടെ സംഗമവേദിയായ സര്‍ഗോല്‍സവത്തിന് ഇന്നു തുടക്കമാവും. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 107 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 850 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കും. നാലിനു സമാപിക്കും.
2013ല്‍ ആരംഭിച്ച സര്‍ഗോത്സവത്തിന് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വേദിയാവുന്നതു മൂന്നാം തവണയാണ്. അമൃതവര്‍ഷിണി, ശ്രീരാഗം, ഭാവപ്രിയ, നിരഞ്ജന, ശിവരഞ്ജിനി എന്നിങ്ങനെ അഞ്ചു വേദികളിലായാണ് മല്‍സരങ്ങള്‍. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. പ്രധാന വേദിയായ അമൃതവര്‍ഷിണിയില്‍ 1,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ മൂന്നു ദിവസങ്ങളിലായി മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും സൗജന്യമായി ഭക്ഷണം നല്‍കുന്നതിനും സംവിധാനമേര്‍പ്പെടുത്തി.
ഉച്ചയ്ക്ക് 1,750 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. കലാമല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിരുന്നെത്തുന്നവരെ സഹായിക്കുന്നതിനുമായി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തയ്യാറാണ്. ഭക്ഷണ കൂപ്പണ്‍, വേദികളില്‍ നടക്കുന്ന പരിപാടികളുടെ വിവരങ്ങള്‍, താമസസൗകര്യം തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാവും. കലാമേള ജനകീയവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. സംസ്ഥാനതല മല്‍സരമായതിനാല്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കലോല്‍സവ നഗരിയുടെ സമീപ പ്രദേശങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ 18ഉം ജൂനിയര്‍ വിഭാഗത്തില്‍ 12ഉം ഇനങ്ങളില്‍ മല്‍സരം നടക്കും. പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാടകം, സംഘനൃത്തം എന്നീ മല്‍സരങ്ങള്‍ നടത്തും. ആകെ 32 ഇനങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് കമ്പളക്കാട് ടൗണില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ചെണ്ട, നാദസ്വരം, കാവടി, അമ്മന്‍കുടം, ശിങ്കാരിമേളം, ബാന്റ് ട്രൂപ്പ്, നിശ്ചലദൃശ്യം തുടങ്ങിയവയുടെ അകമ്പടിയോടെ വിദ്യാര്‍ഥികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും അണിനിരക്കും. പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ മേളയും പട്ടികവര്‍ഗ- യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി കലാമല്‍സരങ്ങളും ഉദ്ഘാടനം ചെയ്യും.
എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ അധ്യക്ഷനാവും. എം ഐ ഷാനവാസ് എംപി മുഖ്യാതിഥിയായിരിക്കും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ കെ എം ഷാജി, സി മമ്മൂട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, എം പി വീരേന്ദ്രകുമാര്‍, കെ കെ രാമചന്ദ്രന്‍, കേരള മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി പി എ കരീം, മലയോര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it