Idukki local

കൗണ്‍സിലറെ മര്‍ദ്ദിച്ച സംഭവം; നഗരസഭായോഗത്തില്‍ സിപിഎം ഒറ്റപ്പെട്ടു

തൊടുപുഴ: മുസ്‌ലിംലീഗ് കൗണ്‍സിലറെ മര്‍ദിച്ച സംഭവത്തില്‍ നഗരസഭാ യോഗത്തില്‍ സിപിഎം ഒറ്റപ്പെട്ടു. കൗണ്‍സിലറെ വാര്‍ഡ് സഭയ്ക്കിടെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോടും പോലിസിനോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേറ്റവുമുണ്ടായെങ്കിലും പിന്നീട് വോട്ടിനിട്ട പ്രമേയം ബിജെപി പിന്തുണയോടെ പാസാവുകയായിരുന്നു. ഇതിനിടെ എല്‍ഡിഎഫ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കുമ്മങ്കല്ല് രണ്ടുപാലം ഭാഗത്ത് ചേര്‍ന്ന വാര്‍ഡ് സഭയ്ക്കിടെ ലീഗിന്റെ 16ാം വാര്‍ഡ് കൗണ്‍സിലറായ ടി കെ അനില്‍കുമാറിന് മര്‍ദനമേറ്റതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കൗണ്‍സിലറെ കൈയേറ്റം ചെയ്ത സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറാണ് അവതരിപ്പിച്ചത്. തുടര്‍ന്നു ചര്‍ച്ചയില്‍ പങ്കെടുത്ത യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും കൗണ്‍സിലറെ ആക്രമിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ അനില്‍കുമാറിനെ അക്രമിച്ച സംഭവം അപലപിക്കുന്നതോടൊപ്പം നഗരസഭയിലെ മറ്റു കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള അക്രമത്തിനെയും കൈയേറ്റങ്ങളെയും തുല്യപ്രാധാന്യത്തോടെ കാണാന്‍ തയാറാകണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രമേയത്തില്‍ അത്തരത്തില്‍ ഭേദഗതികളോടെ മാത്രമേ പാസാക്കാന്‍ പാടുള്ളൂവെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രമേയവുമായി ബന്ധമില്ലാത്ത കാര്യമാണ് ഭേദഗതി നിര്‍ദേശമായി ഉന്നയിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
യോഗത്തില്‍ ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത ടി കെ അനില്‍കുമാര്‍ തനിക്ക് മര്‍ദനമേറ്റ സംഭവത്തെക്കുറിച്ചും വിവാഹവീട്ടില്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ച് ഇറക്കി വിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. തര്‍ക്കം തുടര്‍ന്നതോടെ പിന്നീട് ഭേദഗതിയും പ്രമേയവും വോട്ടിനിടാന്‍ തീരുമാനിക്കുകയായിരുന്നു. ഭേദഗതി വോട്ടിങ്ങില്‍ 11 പേര്‍ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു. ബിജെപി അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്നു വിട്ടു നിന്നു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ടു. ഇതില്‍ ബിജെപി-യുഡിഎഫ് അംഗങ്ങളായ 22 പേര്‍ പ്രമേയത്തെ അനുകൂലിച്ചതോടെ അത് പാസ്സായി. ഇതിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
Next Story

RELATED STORIES

Share it