thiruvananthapuram local

കൗണ്‍സിലറുടെ മരണം; വാഴോട്ടുകോണം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് പുതിയ പരീക്ഷണം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണസമിതി അധികാരമേറ്റ് ഭരണകാര്യങ്ങളിലേക്ക് കടക്കുംമുമ്പ് ഒരംഗത്തിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവ് നേതൃത്വത്തിന് പുതിയ പരീക്ഷണമാവുന്നു.
വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറും സിപിഎം വാഴോട്ടുകോണം ലോക്കല്‍ കമ്മിറ്റി അംഗവുമായ മൂന്നാംമൂട് വിക്രമന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവാണ് കോര്‍പറേഷനിലെ എല്‍ഡിഎഫ് ഭരണത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. വിക്രമന്റെ മരണത്തോടെ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തി പുതിയ കൗണ്‍സിലറെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. വരുംദിവസങ്ങള്‍ ഒരു ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് തലസ്ഥാന നഗരം തിരിയും. അതേസമം, ഇന്ന് രാവിലെ 11ന് ചേരാനിരുന്ന സാധാരണ കൗണ്‍സില്‍ യോഗം അനുശോചനയോഗം ചേര്‍ന്ന് പിരിയും. കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയെന്ന നിലയിലാണ് ഇടതുമുന്നണി ഭരണത്തിലേറിയത്. 100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 43 അംഗങ്ങളുടെ പിന്‍ബലമാണ് എല്‍ഡിഎഫിനുള്ളത്. വിക്രമന്റെ മരണത്തോടെ ഇത് 42 ആയി ചുരുങ്ങി.
അപ്രതീക്ഷതമായി ഉണ്ടായ ബിജെപിയുടെ നേട്ടം യുഡിഎഫിനും വലിയ തിരിച്ചടി സമ്മാനിച്ചു. 35 അംഗങ്ങളെ സ്വന്തമാക്കിയാണ് ബിജെപി കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയായത്. യുഡിഎഫ് ആവട്ടെ 21 അംഗങ്ങളുമായി മൂന്നാംനിരയിലേക്ക് തഴയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് എന്നത് എല്ലാ മുന്നണികള്‍ക്കും ഒരുപോലെ ആശങ്ക നല്‍കുന്നു.
755 വോട്ടിനാണ് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലിലെ ബിജെപി കൗണ്‍സിലര്‍ എം ആര്‍ രാജീവിനെ വിക്രമന്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് വിക്രമന്‍ പിടിച്ചെടുത്തത്. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മും ബിജെപിയും തമ്മിലെ മല്‍സരമാവുമെന്ന അഭിപ്രായങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ പരാജയം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ കൗണ്‍സിലിലെ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
മല്‍സരം കടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിപിഎം ജനസമ്മതനെയാവും രംഗത്തിറക്കുക. ആര്‍ കെ സതീഷ് ചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിച്ചത്. വീണ്ടും സതീഷിനെ തന്നെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം വരുംദിവസങ്ങളില്‍ ഉണ്ടാവും. ബിജെപിയും എം ആര്‍ രാജീവിനെ വീണ്ടും പരിഗണിക്കുമോ എന്നതും കണ്ടറിയാം. എന്തായാലും വാഴോട്ടുകോണത്ത് രണ്ടാം സ്ഥാനത്തേക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് പിടിക്കാന്‍ ബിജെപി എല്ലാ തന്ത്രവും മെനയുമെന്നും ഉറപ്പാണ്.
Next Story

RELATED STORIES

Share it