ക്ഷേമപദ്ധതികള്‍ക്ക് അകമഴിഞ്ഞ സഹായം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ-സുരക്ഷാ പദ്ധതികള്‍ക്ക് അകഴിഞ്ഞ സഹായം. പോഷകാഹാരം നല്‍കുന്നത് ഉള്‍പ്പെടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനുമായി 583.52 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, തീവ്രമാനസിക രോഗികള്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കുന്ന കനിവ് പദ്ധതി നടപ്പാക്കും. ഇതിനായി 100 കോടി നീക്കിവച്ചു.
പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍ 205 സ്‌കൂളുകളില്‍ കൂടി വ്യാപിപ്പിക്കും. കോഴിക്കോട്ടേയും എറണാകുളത്തേയും ജെന്‍ഡര്‍ പാര്‍ക്ക് കാംപസിന് 10 കോടി. ആശ്വാസ കിരണം പദ്ധതിക്ക് 32 കോടി. വൈകല്യം തടയുക, വൈകല്യ നിര്‍ണയം, പ്രാരംഭ ഇടപെടല്‍, അംഗപരിമിതരുടെ വിദ്യാഭ്യാസം, തൊഴില്‍ പുനരധിവാസം എന്നിവ ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിക്ക് 37 കോടി. അങ്കണവാടികളുടെ നിര്‍മാണവും നവീകരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത പദ്ധതിക്ക് 25.62 കോടി. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സംയോജിത ശിശുവികസന സേവന പദ്ധതിക്ക് 199.6 കോടി. പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്ന പദ്ധതിക്ക് രണ്ട് കോടി രൂപയും വകയിരുത്തി. നിര്‍ഭയ, ലിംഗസമത്വ ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണം പരിപാടികള്‍ക്ക് 12 കോടി.
കായിക രംഗത്തിനും യുവജനക്ഷേമത്തിനുമായി വരും വര്‍ഷം 85.22 കോടിയാണ് ബജറ്റില്‍ വകയിരുത്തിട്ടുള്ളത്. ദേശീയ ഗെയിംസിന് വേദികളായ ജില്ലകള്‍ക്കൊപ്പം മറ്റ് 7 ജില്ലകളില്‍ക്കൂടി അതേ നിലവാരമുള്ള സ്റ്റേഡിയങ്ങളും മറ്റ് കായിക അടിസ്ഥാന സൗകര്യങ്ങളും തയ്യാറാക്കും. ഇടുക്കി, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ 19 കോടി മുടക്കി സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കും.
Next Story

RELATED STORIES

Share it