ക്ഷേമപദ്ധതികള്‍ക്കു സാമ്പത്തികം പ്രശ്‌നമാവില്ല: മുഖ്യമന്ത്രി

കോഴിക്കോട്: വികസനവും കരുതലും മുഖമുദ്രയാക്കി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് സാമ്പത്തികം ഇതുവരെ പ്രശ്‌നമായിട്ടില്ലെന്നും തുടര്‍ന്നും പ്രശ്‌നമാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹികനീതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്വപ്‌ന നഗരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഭാരതത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ ഏറ്റവും മഹത്തായതാണ് അങ്കണവാടി പദ്ധതി. ജോലിക്കപ്പുറം സേവനംകൂടി കണക്കിലെടുത്താണ് അങ്കണവാടി ജീവനക്കാര്‍ക്കു വേതന വര്‍ധനവ് വരുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്കു പതിനായിരം രൂപയും സഹായികള്‍ക്ക് ഏഴായിരം രൂപയുമാക്കിയുള്ള വേതന വര്‍ധനവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ് ആശ്വാസ കിരണം, ശ്രുതിതരംഗം, സ്‌നേഹപൂര്‍വം തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്നത്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മറന്ന് സമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവും ഓരോരുത്തരും നിറവേറ്റിയാല്‍ മാത്രമേ നമുക്ക് നമ്മെക്കുറിച്ച് അഭിമാനിക്കാന്‍ വക ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശ്വാസ കിരണം പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന ധനസഹായം ഫെബ്രുവരി മാസത്തോടെ കുടിശ്ശിക സഹിതം കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. ശ്രുതിതരംഗം പദ്ധതിയില്‍ 620 കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കിയത്. 70,000 കുട്ടികളാണ് ഈ വര്‍ഷം സ്‌നേഹപൂര്‍വം പദ്ധതിയുടെ ഭാഗമാവുന്നത്. സാമൂഹികക്ഷേമവുമായി ബന്ധപ്പെട്ട് ഏഴോളം പുതിയ നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പാക്കുന്നത്. ചൈല്‍ഡ് പോളിസികൂടി യാഥാര്‍ഥ്യമായാല്‍ പ്രഖ്യാപിച്ച എല്ലാ നയങ്ങളും യുഡിഎഫ് സര്‍ക്കാറിനു നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം കെ മുനീര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മേയര്‍ വി കെ സി മമ്മദ്‌കോയ മുഖ്യാതിഥിയായി. എം കെ രാഘവന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക ദിനാഘോഷ റിപോര്‍ട്ട് സാമൂഹികനീതി വകുപ്പ് സെക്രട്ടറി എ ഷാജഹാനും കംപാഷനേറ്റ് കാലിക്കറ്റ് പദ്ധതി റിപോര്‍ട്ട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തും അവതരിപ്പിച്ചു. എംഎല്‍എമാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, പി ടി എ റഹീം, എ പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. പി എം സുരേഷ് ബാബു, സിഡിഎ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ഡിസിസി പ്രസിഡന്റ് കെ സി അബു, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it