ക്ഷേത്ര കവര്‍ച്ച: ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

കൊച്ചി: ക്ഷേത്ര കവര്‍ച്ച കേസുകള്‍ സംബന്ധിച്ച് ജാഗ്രതയും ഫലപ്രദമായ അന്വേഷണവും ഡിജിപി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനായി കാര്യക്ഷമതയും ഉത്തരവാദിത്തവുമുള്ള പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.

അന്വേഷണമുള്‍പ്പെടെയുള്ള നടപടികളിലെ വീഴ്ചകള്‍ മൂലം ഇത്തരം കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം തടയേണ്ട കാലം അതിക്രമിച്ചെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തൃശൂരില്‍ വടക്കാഞ്ചേരിക്കടുത്ത് കരുമരക്കാട് ശിവക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വെള്ളിയും മോഷ്ടിച്ച കേസില്‍ 2009 ജൂലൈ മൂന്നിന് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പ്രതികളെ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി കേസിന്റെ അന്വേഷണം 2010 ഒക്ടോബര്‍ നാലിന് പോലിസ് അവസാനിപ്പിച്ചതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് 2013ല്‍ ക്ഷേത്രമോഷണങ്ങളുടെ കണക്കെടുത്തപ്പോള്‍ പല കേസുകളും തെളിയാതെ പോയെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.
തൃശൂരിലെ പൂങ്കുന്നം ദേവസ്വം, നെയ്തലക്കാവ് ദേവസ്വം, തൃപ്രയാര്‍ ദേവസ്വം, അശോകേശ്വരം ദേവസ്വം, കുറ്റുമുക്ക് ദേവസ്വം, തായംകാവ് ദേവസ്വം, വളപ്പായ ദേവസ്വം, കുളശ്ശേരി ദേവസ്വം, അരികന്നിയൂര്‍ ദേവസ്വം, പൊത്തന്‍കാട് ദേവസ്വം എന്നിവിടങ്ങളിലായി മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ മാത്രമാണ് കോടതിയിലെത്തിയത്. ഒരു കേസില്‍ പ്രതികളെ പിടികൂടി. ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലിസ് വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്ന് ദേവസ്വം ഓംബുഡ്‌സ്മാനും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌നിന്നും വീഴ്ച സംഭവിക്കുന്നുണ്ട്.
ക്ഷേത്രങ്ങളില്‍ ഭരണച്ചുമതലയുള്ളവര്‍ നന്നായില്ലെങ്കില്‍ താഴെയുള്ളവരും ശരിയാവില്ല. ദേവസ്വം വരുമാനം തന്നെ വിഴുങ്ങുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഭക്തര്‍ വിശ്വാസത്തിന്റേയും ഭക്തിയുടേയും പേരില്‍ നല്‍കുന്ന പണം അന്യാധീനപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it