thiruvananthapuram local

ക്ഷേത്രോല്‍സവത്തിനിടെ ഗുണ്ടാ ആക്രമണം; കമ്മിറ്റിയംഗം ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കഴക്കൂട്ടം: വിളയില്‍കുളത്ത് ഉല്‍സവം നടന്നുവരുന്ന ക്ഷേത്രത്തിനു സമീപം ഗുണ്ടാ ആക്രമണം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കളും കമ്മിറ്റിയംഗവുമുള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്. വിളയില്‍കുളം സ്വദേശികളായ മനോജ് (25), വിഷ്ണു (21), നന്ദു (20), ക്ഷേത്ര ട്രസ്റ്റ് അംഗം തരുണ്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വടിവാളും വെട്ടുകത്തിയും കമ്പിപ്പാരയുമടക്കം മാരകായുധങ്ങളുമായെത്തിയ ഗുണ്ടാ സംഘമാണ് സംഭവത്തിനും പിന്നിലെന്ന് പോലിസ് പറഞ്ഞു.
ക്ഷേത്രത്തിലെ 41 വിളക്ക് ആഘോഷത്തിന്റെ ഭാഗമായി ദര്‍ശനത്തിനെത്തിയ യുവാക്കളാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി ഏഴോടു കൂടിയായിരുന്നു സംഭവം.
ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. തെക്കേമുക്ക് സ്വദേശികളും കൊലക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ഗുണ്ടകള്‍ക്കെതിരേ പോലിസ് കേസെടുത്തു.
ഒരുമാസം മുമ്പ് നെഹ്‌റു ജങ്ഷന്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ച് കുറ്റികാട്ടിലെറിഞ്ഞ കേസിലെ പ്രതികള്‍ തന്നെയാണ് ഈ ആക്രമണത്തിനും നേതൃത്വം കൊടുത്തതെന്ന് പോലിസ് പറഞ്ഞു. അന്ന് അക്രമത്തിനിരയായി പരിക്കേറ്റ യുവാവിനെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത് സ്ഥലവാസികളായ യുവാക്കളായിരുന്നു.
ഈ വൈരാഗ്യമാണ് ഇപ്പോഴത്തെ അക്രമത്തിനു കാരണമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് തെക്കേമുക്കിലെ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ പോലിസ് പിടികൂടിയെങ്കിലും സിഐ ഇടപ്പെട്ട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ പോലിസ് നടപടിയില്‍ കടുത്ത പ്രതിഷേധമാണുള്ളത്. രണ്ടുമാസത്തിനിടെ ഒരേ ഗുണ്ടാസംഘം മൂന്നാം തവണയാണ് അക്രമം അഴിച്ചുവിട്ടത്. നാളെ കഴക്കൂട്ടം സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it