Idukki local

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

തൊടുപുഴ: കുമാരംമംഗലം വള്ളിയാനിക്കാട് ദേവിക്ഷേത്രത്തിന്റെ ഭണ്ഡാരകുറ്റി കുത്തി തുറന്ന് മോഷണം. നാല് ഭണ്ഡാര കുറ്റികളില്‍ നിന്നായി 10,000 രൂപയോളം നഷ്ടപെട്ടതായാണ് ക്ഷേത്രം ഭാരവാഹികള്‍് പറയുന്നത്. ഇന്നലെ അര്‍ധ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പോലിസിന്റെ നിഗമനം.
ഭണ്ഡാരകുറ്റി സൂക്ഷിച്ചിരുന്ന മുറി തകര്‍ത്താണ് മോഷണം. ആദ്യത്തെ മുറി കുത്തി തുറന്നുവെങ്കിലും മുറിയില്‍ ക്ഷേത്രത്തില്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. രാത്രിയില്‍ കുമാരമംഗലത്ത് പന്ത് കളിയുണ്ടായിരുന്നു. ഇതിനുശേഷമാണ് മോഷണമെന്നു നാട്ടുകാരും സംശയിക്കുന്നു. രാവിലെ ജോലിക്കെത്തിയ കഴകമാണ് മോഷണ വിവരം പുറത്തറിയിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ ഇവിടെ മോഷണം നടന്നിരുന്നു. ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രം കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ഇടുക്കി ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലക്ടര്‍ പോലിസിനു നിര്‍ദേശം നല്‍കിയെങ്കിലും ഇന്നു വരെ കാര്യമായ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. നേരത്തെയുണ്ടായ മോഷണങ്ങളില്‍ അന്വേഷണം നിലച്ചമട്ടാണ്. അന്വേഷണം നടക്കാത്തതുമൂലമാണ് വീണ്ടും ഇവിടെ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
സമാനമായ രീതിയില്‍ മോഷണങ്ങള്‍ വ്യാപകമായിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിനു ഇന്നു വരെ കഴിഞ്ഞിട്ടില്ല. തൊടുപുഴ സ്റ്റേഷനില്‍ മോഷണ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തൊടുപുഴ സിഐ ജില്‍സണ്‍ മാത്യൂ, പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ്കുമാര്‍, വിരലടയാള വിദഗ്ധര്‍ സഥലത്ത് എത്തി പരിശോധന നടത്തി.
ചില നിര്‍ണായക തെളിവുകളും സൂചനകളും ലഭിച്ചതായി തൊടുപുഴ പോലിസ് പറഞ്ഞു. എന്നാല്‍ ക്ഷേത്രം വാച്ചറുടെ ഒഴിവ് ദേവസ്വം ബോര്‍ഡ് ഇതുവരെ നികത്തിയിട്ടില്ല.
കഴിഞ്ഞ 15 ദിവസം മുമ്പാണ് ഭണ്ഡാരകുറ്റികളില്‍ നിന്നു പണം ദേവസ്വം ബോര്‍ഡിലേക്ക് അയച്ചത്.
അതുകൊണ്ട് കൂടൂതല്‍ പണം നഷ്ടപ്പെട്ടില്ല എന്ന ആശ്വാസത്തിലാണ് ക്ഷേത്രം കമ്മിറ്റി. തുടര്‍ച്ചയായുണ്ടകുന്ന മോഷണങ്ങളില്‍ ഭക്തജനങ്ങള്‍ കമ്മിറ്റികൂടി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it