kannur local

ക്ഷീര കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സബ്‌സിഡി: മന്ത്രി കെ പി മോഹനന്‍

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പുവരുത്തുന്നതിനായി ക്ഷീര കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തി വൈദ്യുതി, ഗ്യാസ്, വളം എന്നിവയ്ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കുമെന്ന് മന്ത്രി കെ പി മോഹനന്‍. സബ്‌സിഡി അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പില്‍ ഗോവര്‍ധിനി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരമ്പരാഗത പശുക്കളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആദ്യം മുന്നോട്ട് വച്ചത് കേരളമാണ്.
ഇപ്പോഴത് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. കന്നുകാലികള്‍ക്കുണ്ടാവുന്ന രോഗം നിയന്ത്രിക്കുന്നതിന് ഫെബ്രുവരി പകുതിയോടെ എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ കുത്തിവയ്പ് ക്യാംപുകള്‍ സംഘടിപ്പിക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ക്ഷീരകാര്‍ഷിക മേഖല കൂടുതല്‍ ലാഭകരമായ നിലയിലേക്ക് മാറിയിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗോവര്‍ധിനി പദ്ധതിയിലൂടെ പാല്‍ ഉല്‍പാദന രംഗത്ത് നേട്ടമുണ്ടാക്കുക മാത്രമല്ലെന്നും കന്നുകാലി സമ്പത്ത് വര്‍ധിക്കുന്നതിലൂടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനം എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാതല എരുമ വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ. എസ് ചന്ദ്രന്‍കുട്ടി, നഗരസഭാധ്യക്ഷരായ എം സുകുമാരന്‍, കെ റംല, കെ ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ അശോകന്‍, കെ ഇ കുഞ്ഞബ്ദുല്ല സംബന്ധിച്ചു. തുടര്‍ന്ന് കന്നുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
Next Story

RELATED STORIES

Share it