Kottayam Local

ക്ഷീരോല്‍പാദന രംഗത്ത് കേരളം ഒന്നാമത്: മന്ത്രി കെ സി ജോസഫ്

കാഞ്ഞിരപ്പള്ളി: പാലുല്‍പാദനത്തില്‍ നാലര വര്‍ഷം കൊണ്ട് 33 ശതമാനം വര്‍ധന സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും ഇതോടെ കേരളം ദേശീയ തലത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയതായും മന്ത്രി കെ സി ജോസഫ്. തമ്പലക്കാട് നടന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കര്‍ഷക മേഖലയില്‍ ഉണ്ടായ ഉല്‍പാദന ചെലവിന് ആനുപാതികമായി പാല്‍ വിലയിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി.
ഇതര കാര്‍ഷിക മേഖലയില്‍ പ്രതിസന്ധികളെ നേരിടുമ്പോഴും ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എട്ടുലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്തുനിന്ന് സംഭരിക്കുന്നത്.
2017 ഓടെ സംസ്ഥാനത്തിന് ആവശ്യമായ മുഴുവന്‍ പാലും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ സാധ്യമാവുന്ന നടപടികളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമമാണ് പാല്‍ ഉല്‍പാദന രംഗത്ത് മികച്ച നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എന്‍ ജയരാജ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ ടി സരോജിനി പദ്ധതി വിശദീകരണവും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ആദരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തിനുള്ള അവാര്‍ഡ് കണമല ക്ഷീരോല്‍പാദന സംഘത്തിന് ലഭിച്ചു.
ഡപ്യൂട്ടി ഡയറക്ടര്‍ ടോം സി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി എം ഷമീര്‍, റോസമ്മ അഗസ്തി, ജോഷി അഞ്ചനാട്, ഡൈനി ജോര്‍ജ്, വിദ്യാ രാജേഷ്, കൃഷ്ണകുമാരി ശശികുമാര്‍, ബി ജയചന്ദ്രന്‍, ഡോ.ജോര്‍ജ് തോമസ്, ജാന്‍സി ജോര്‍ജ്, മണിരാജു, മാത്യു ജേക്കബ്, പ്രകാശ് പുളിക്കല്‍, ഫാ. തോമസ് തെക്കേമുറി, ഗീത രാജു, രാജു തെക്കുംതോട്ടം, സുധീര്‍ ജി കുറുപ്പ്, എന്‍ ബി സുശീല, സണ്ണി ജേക്കബ് യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it