Idukki local

ക്ഷീരകര്‍ഷകര്‍ക്ക് അറിവിന്റെ വാതില്‍ തുറന്ന ഗവ്യജാലകം വേറിട്ട അനുഭവമായി

കട്ടപ്പന: ക്ഷീരകര്‍ഷകര്‍ക്ക് പുത്തന്‍പാഠങ്ങള്‍ പകര്‍ന്ന് കാര്‍ഷിക ജീവിതത്തിലെ അറിവുകളും സംശയങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടുത്തി കര്‍ഷക ഉദ്യോഗസ്ഥ മുഖാമുഖമായ ഗവ്യജാലകം കര്‍ഷകര്‍ക്ക് വേറിട്ട അനുഭവമായി. ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും നരിയമ്പാറ ക്ഷീരസഹകരണസംഘത്തിന്റെയും സംയുകക്തതാഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായാണ് മുഖാമുഖം നടന്നത്.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരാണ് സംവാദത്തില്‍ പങ്കെടുത്തത്. ജില്ലയിലെ കുരുമുളകു കര്‍ഷകര്‍ക്ക് മാതൃകയായ തോമസ് തെക്കന്‍, പടമുഖം ആപ്‌കോസ് പ്രസിഡന്റ് സാബു പുന്നത്താനം, മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ ബെറ്റി ബിജുവും ഭര്‍ത്താവ് ബിജു എബ്രഹാമും, ആടുകൃഷിയില്‍ വിജയം കൊയ്യുന്ന വില്‍സണ്‍ എഴുകുംവയല്‍, സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ റോബിന്‍ ജോസ് കിഴക്കേത്തലയ്ക്കല്‍, പച്ചക്കറിയില്‍ ലാഭം കൊയ്യുന്ന സി ആര്‍ നേഴ്‌സറിയുടെ ഉടമ ബിജു ചുക്കുറുമ്പേല്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങളും അവര്‍ കണ്ടെത്തിയ കൃഷിരീതികളും വിജയരഹസ്യങ്ങളും പങ്കു വച്ചു.
ക്ഷീരവികസന ജോയിന്റ് ഡയറക്ടര്‍ ബൈജു കെ അലക്‌സ് സംവാദത്തിന് നേതൃത്വം നല്കി. കുരുകുമുളകു ചെടിയില്‍ ഒരുതിരിയില്‍ 1000 മണി വരെ ലഭിക്കുന്ന തെക്കന്‍ കുരുമുളക് വികസിപ്പിച്ചെടുത്ത കര്‍ഷകനാണ് തോമസ് തെക്കന്‍. ഇന്ത്യയിലും വിദേശത്തും ഇതിന് നിരവധി ആവശ്യക്കാര്‍ ഉണ്ട്.
ഹൈറേഞ്ച് കര്‍ഷകരുടെ പ്രധാന കൃഷിയിലൊന്നായ കുരുമുളകു കൃഷിയിലെ ഈ വിജയകഥ കര്‍ഷകര്‍ക്ക് ഒരു പുതിയ അനുഭവമായി. കന്നുകാലി പരിപാലനം, കൃഷിരീതികള്‍, കാര്‍ഷികമേഖലയും ക്ഷീരമേഖലയുമായുള്ള ബന്ധം തുടങ്ങി ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ റോബിന്‍ ജോസ് കിഴക്കേത്തലയ്ക്കല്‍ പങ്കുവച്ചു. 75 പശുക്കളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.
ആടുവളര്‍ത്തലില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്ന പാഠങ്ങളാണ് വില്‍സണ്‍ എഴകുംവയലിന്റെ അനുഭവങ്ങള്‍. കേരളത്തില്‍ വിവിധ ജില്ലകളിലേയ്ക്ക് 15 വ്യത്യസ്ത ഇനങ്ങളിലുള്ള ആടുകളെ വിതരണം ചെയ്തുവരുന്നതോടൊപ്പം ഫാമുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വില്‍സണ്‍ നല്കിവരുന്നു.
എട്ട് ഇനങ്ങളിലായി 125 ആടുകള്‍ അദ്ദേഹത്തിന്റെ ഫാമില്‍ വളരുന്നു.
ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ഏറി വരുന്ന സാഹചര്യത്തില്‍ ബിജു ചുക്കുറുമ്പേല്‍ വികസിപ്പിച്ചെടുത്ത അലങ്കാരചെടികള്‍ പോലെ വളര്‍ത്താവുന്ന പച്ചക്കറികളെ പറ്റിയുള്ള അറിവും സംവാദത്തില്‍ ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it