thiruvananthapuram local

ക്വാറി മാഫിയ ബന്ധം: ശക്തന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം

ബാലരാമപുരം: ക്വാറി മാഫിയ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍ ശക്തന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം. മുക്കുന്നിമലയിലെ ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തനെതിരായി രംഗത്തുള്ളത്.
മണ്ഡലത്തില്‍ യുവ നേതാക്കള്‍ ഉള്ളപ്പോള്‍ കാലാകാലങ്ങളായി ഒരാളെ മാത്രം പരിഗണിക്കുന്നതിലും എതിര്‍പ്പുണ്ട്. മണ്ഡലത്തിലുള്ളവരെ പരിഗണിക്കാതെ പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നതിലും യുഡിഎഫില്‍ ഭിന്നതാഭിപ്രായമുണ്ട്.ക്വാറി മാഫിയകളുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കാട്ടാക്കട നിയോജകമണ്ഡലത്തി ല്‍ ശക്തന്‍ മല്‍സരിച്ചാല്‍ എതിരായി മുക്കുന്നിമ്മല സമരസമിതി ആളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ചെറുതും വലുതുമായ 60 ഓളം ക്വാറികളാണ് മണ്ഡലത്തിലുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ പല ക്വാറി ഉടമകളെയും സമീപിച്ചെങ്കിലും ഉടമകള്‍ പിടികൊടുക്കാതെ നില്‍ക്കുകയാണ്. ഭരണത്തിലെത്തിയാല്‍ ക്വാറിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്കാണ് ഫണ്ട് നല്‍കുക. ഇതു കാരണം നേതാക്കള്‍ പലരും വലയുകയാണ്.
അതേസമയം, മണ്ഡലത്തിലെ യുവ നേതാക്കളെ അനുയനിപ്പിച്ച് ശക്തനെ തന്നെ മല്‍സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിച്ച യുവനേതാവായ ജയാഡാളിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് ഇടതു സ്വതന്ത്രയായി ശക്തനെതിരായി മല്‍സരിച്ചിരുന്നു. ഇത്തരത്തില്‍ ഇക്കുറിയും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാവുമോ എന്ന ഭയത്തിലാണ് നേതാക്കള്‍.
Next Story

RELATED STORIES

Share it