ക്വാറിയിലെ സംഘര്‍ഷം: പോലിസ് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആള്‍ കിണറ്റില്‍ മരിച്ച നിലയില്‍

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്ത് പോലിസ് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലാണിയിലെ കീര്‍ത്തിയില്‍ അയ്യപ്പ(47)ന്റെ മൃതദേഹമാണ് മുക്കാലിയിലെ ചൂരക്കുന്നന്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ലത്തീഫിന്റെ ഭാര്യ വെള്ളം കോരാനെത്തിയപ്പോള്‍ കിണറ്റില്‍ ടോര്‍ച്ച് കത്തിനില്‍ക്കുന്നത് കണ്ടു. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലിസില്‍ വിവരം അറിയിച്ചെങ്കിലും എത്താത്തതില്‍ പ്രതിഷേധിച്ച് സംഘടിച്ചെത്തിയ നാട്ടുകാര്‍ പത്തപ്പിരിയം അങ്ങാടിയിലെത്തി സിഎന്‍ജി റോഡ് ഉപരോധിച്ചു. ഇതെത്തുടര്‍ന്ന് മൂന്നുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, സബ് കലക്ടര്‍ ജാഫര്‍ മാലിക് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കലക്ടര്‍ സ്ഥലത്തെത്താതെ പിന്‍മാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കലക്ടര്‍ ടി ഭാസ്‌കരന്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സിപിഐ ജില്ലാ സെക്രട്ടറി പി സുനീര്‍, വി ശശികുമാര്‍, ഇ എം മോഹന്‍ദാസ്, ബിജെപി സംസ്ഥാന കൗ ണ്‍സില്‍ അംഗം സി വാസുദേവന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടേയും എംഎല്‍എയുടേയും ദുരിതാശ്വാസ നിധിയിയില്‍ നിന്ന് അയ്യപ്പന്റെ കുടുംബത്തിനു സഹായം നല്‍കുമെന്നും സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. ചക്കിയാണ് അയ്യപ്പന്റെ മാതാവ്. ഭാര്യ: ഇന്ദിര. മക്കള്‍: ആതിര, ആര്യ, ആദിത്യ. സഹോദരങ്ങള്‍: വിജയകുമാര്‍, കുഞ്ഞന്‍ ഗോപാലന്‍, പ്രകാശന്‍, രമാദേവി, കൗസല്യ, രമണി, ബേബി.
ഫയര്‍ഫോഴ്‌സെത്തി കിണറ്റില്‍ നിന്നു മൃതദേഹം പുറത്തെടുത്തു. സബ്കലക്ടര്‍ ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it