ക്വാമി ഏക്താദള്‍ ലയന തീരുമാനം സമാജ്‌വാദി പാര്‍ട്ടി പിന്‍വലിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുക്താര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ക്വാമി ഏക്താദളിനെ സമാജ്‌വാദി പാര്‍ട്ടി(എസ്പി)യില്‍ ലയിപ്പിക്കാനുള്ള തീരുമാനം എസ്പി നേതൃത്വം പിന്‍വലിച്ചു. മൂന്നുദിവസം മുമ്പാണ് ദളിനെ എസ്പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. മുക്താര്‍ അന്‍സാരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മുക്താര്‍ അന്‍സാരിയെ പോലുള്ള അധോലോക നേതാക്കള്‍ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ന്ന എസ്പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ലയനതീരുമാനം പിന്‍വലിച്ചത്. അഖിലേഷ് യാദവ് പുറത്താക്കിയ സെക്കന്‍ഡറി വിദ്യാഭ്യാസമന്ത്രി ബല്‍റാം യാദവിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് യോഗത്തിനു ശേഷം എസ്പി ദേശീയ സെക്രട്ടറി രാംഗോപാല്‍ യാദവ് അറിയിച്ചു.അഖിലേഷ് യാദവിന്റെ പിതാവും പാര്‍ട്ടി മുഖ്യനുമായ മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവാണ് ഇക്കഴിഞ്ഞ 21ന് ഇരുപാര്‍ട്ടികളുടെയും ലയനം പ്രഖ്യാപിച്ചത്. ലയനം പിന്‍വലിച്ചത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വേര്‍തിരിവിനു കാരണമായിട്ടുണ്ട്. ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗ്ര ജയിലില്‍ കഴിയുകയാണ് അന്‍സാരി.
Next Story

RELATED STORIES

Share it