ക്ലോപ്പ് തോറ്റില്ല; ലിവര്‍പൂളും

ബെര്‍ലിന്‍: തന്റെ മുന്‍ ടീമായ ബൊറൂസ്യ ഡോട്മുണ്ടിനെതിരേ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന് സമനില ആശ്വാസം. യൂറോപ ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമും 1-1നു പിരിയുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ നിലവിലെ ജേതാക്കളും സ്പാനിഷ് ടീമുമായ സെവിയ്യ നാട്ടുകാരായ അത്‌ലറ്റിക് ബില്‍ബാവോയെ 2-1നും ഉക്രെയ്ന്‍ ടീം ഷക്തര്‍ ഡൊണെസ്‌ക് ഇതേ സ്‌കോറിനു പോര്‍ച്ചുഗീസ് ടീം ബ്രാഗയെയും സ്പാനിഷ് ക്ലബ്ബായ വിയ്യാറയല്‍ 2-1നു ചെക് റിപബ്ലിക്കില്‍ നിന്നുള്ള സ്പാര്‍ട്ട പ്രാഹയെയും തോല്‍പ്പിച്ചു.
ഏഴു വര്‍ഷം ഡോട്മുണ്ടിനെ പരിശീലിപ്പിച്ച ക്ലോപ്പ് ആദ്യമായി അവര്‍ക്കെതിരേ വന്ന മല്‍സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഡോട്മുണ്ടിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ക്ലോപ്പിനു ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വീട്ടിലേക്കു സ്വാഗതമെന്ന തരത്തിലുള്ള ബാനറുകളുമായി നിരവധി ആരാധകരാണ് പ്രിയ കോച്ചിനെ സ്വീകരിച്ചത്.
കളിയില്‍ ലിവര്‍പൂളാണ് ആ ദ്യം മുന്നിലെത്തിത്. 36ാം മിനിറ്റില്‍ ഡിവോക് ഒറിജിയുടെ വകയായിരുന്നു ഗോള്‍. രണ്ടാംപകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളി ല്‍ ഡോട്മുണ്ട് സമനില പിടിച്ചുവാങ്ങി. മാറ്റ്‌സ് ഹമ്മല്‍സാണ് ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടത്.
അതേസമയം, ബില്‍ബാവോയ്‌ക്കെതിരേ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് സെവിയ്യ ജയിച്ചുകയറിയത്. 48ാം മിനിറ്റില്‍ അറിറ്റ്‌സ് അഡ്യുറിസ് ബില്‍ബാവോയുടെ അക്കൗണ്ട് തുറന്നിരുന്നു. 56ാം മിനിറ്റില്‍ തിമോത്തി കോളോസിയെക്കിലൂടെ സെവിയ്യ സമനില കൈക്കലാക്കി. ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ വിസെന്റ് ഇബോറയിലൂടെ സെവിയ്യ വിജയഗോളും കണ്ടെത്തി.
Next Story

RELATED STORIES

Share it