ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ഥികളെ പിടിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ 'പോലിസ് ആന്റി'

കൊച്ചി: സ്‌കൂളിലും കോളജിലും പഠിക്കുന്ന കുട്ടികള്‍ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നത് നിരീക്ഷിക്കാന്‍ കൊച്ചി സിറ്റി പോലിസിന്റെ പുതിയ പദ്ധതി വരുന്നു. സ്റ്റുഡന്റ് കെയര്‍ പോലിസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ വഴിതെറ്റി ലഹരിയുടെ ലോകത്തേക്കെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പശ്ചിമ കൊച്ചിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹാജര്‍ പുസ്തകങ്ങളെ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് ട്രാക്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് സ്റ്റുഡന്റ് കെയര്‍ പോലിസ് പദ്ധതി നടപ്പില്‍വരുത്തുക. ഓരോ ദിവസവും സ്‌കൂളില്‍ എത്താത്ത കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അതാതു ദിവസങ്ങളില്‍ 11 മണിക്ക് മുമ്പായി പോലിസിന് കൈമാറും. ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയെ പോലിസ് കാര്യാലയത്തില്‍ ചുമതലപ്പെടുത്തിയിരിക്കും. 'പോലിസ് ആന്റി' എന്നറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥ ഹാജരാവാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ഫോണില്‍ സംസാരിക്കും. രക്ഷിതാക്കളുടെ അറിവോടെയാണ് വിദ്യാര്‍ഥികള്‍ അവധിയെടുക്കുന്നതെങ്കില്‍ പ്രശ്‌നമില്ല.
എട്ടാം തരത്തിനു മുകളില്‍ പഠിക്കുന്നവരെയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുക. ക്ലാസ് കട്ട് ചെയ്തു കറങ്ങാനിറങ്ങുന്നവരെ പോലിസ് നിരീക്ഷിക്കും. സ്‌കൂള്‍ സമയങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്ന പ്രവൃത്തികളെക്കുറിച്ച് അന്വേഷിച്ച് തെറ്റായ വഴികളില്‍നിന്ന് അവരെ രക്ഷപ്പെടുത്തുന്നതിന് പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ടാവും. സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പോലിസ് പരിശോധന നടത്തും. പൊതുജനങ്ങള്‍ക്കും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം.
ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം തോപ്പുംപടിയില്‍ ശില്‍പശാല നടത്തി. സിറ്റി പോലിസ് കമ്മീഷണര്‍ ജി വേണു, കോട്ടയം ഇന്റലിജന്‍സ് ഡിവൈഎസ്പി വി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it