Editorial

ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കൂടുന്നു

ഒരു സന്നദ്ധ സംഘടന ഈയിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ 20 ശതമാനം വര്‍ധനവുണ്ടായതായി കാണുന്നു. പരമതവിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വരാറില്ലെങ്കിലും 2015ല്‍ ദിനംപ്രതി ഒരു കൈയേറ്റമെങ്കിലും ക്രിസ്ത്യാനികള്‍ക്കോ ചര്‍ച്ചുകള്‍ക്കോ എതിരായി നടന്നിട്ടുണ്ട്.
കത്തോലിക്കാ സെക്കുലര്‍ ഫോറം തയ്യാറാക്കിയ പഠനത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സ്വാഭാവികമായും ക്രൈസ്തവ പീഡനത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കെതിരേ ഹിന്ദുത്വവിഭാഗങ്ങളില്‍ നിന്നുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നു. സംസ്ഥാനത്ത് ഭരണം ബിജെപി-ശിവസേന സഖ്യത്തിന്റെ കൈയിലായതോടെ താഴേക്കിടയിലുള്ള മതവൈരത്തിനു ശക്തി കൂടി. അതുപോലെ ഡല്‍ഹിയിലും മധ്യപ്രദേശിലും പ്രാദേശികമായി നടന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു. ഹിന്ദുത്വവിഭാഗങ്ങള്‍ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് ജനശ്രദ്ധ കിട്ടുന്ന തരത്തില്‍ തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും അധ്യാപകരെയും ആക്രമിക്കുന്നത്. ഏതാണ്ട് 8000ഓളം അതിക്രമങ്ങള്‍ നടന്നതില്‍ 500ലധികം ഇരകള്‍ പുരോഹിതന്മാരോ സഭാ നേതാക്കന്മാരോ ആയിരുന്നു.
മതപരിവര്‍ത്തനം വിലക്കിയ ഛത്തീസ്ഗഡില്‍ ഹിന്ദുക്കളുടേതല്ലാത്ത ആഘോഷങ്ങള്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നു റിപോര്‍ട്ട് പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ക്രൈസ്തവരുടെ എണ്ണത്തില്‍ കണ്ട നേരിയ വര്‍ധനവിനെ പുരസ്‌കരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണമാണ് സംസ്ഥാനത്ത് ഹിംസ കൂടാന്‍ കാരണം. ഹിമാചല്‍പ്രദേശില്‍ ഭരണകൂടം ചര്‍ച്ചുകള്‍ സ്ഥാപിക്കുന്നതിനു തടസ്സം നില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ ഹിന്ദുത്വവിഭാഗങ്ങള്‍ ബൈബിള്‍ നശിപ്പിച്ച സംഭവങ്ങളുണ്ടായി.
പലപ്പോഴും അക്രമസംഭവങ്ങള്‍ സംബന്ധിച്ചു പരാതി പറയാന്‍ ഇരകള്‍ മടിക്കുന്നു. സംഘപരിവാരത്തിനു സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഭയപ്പെടുത്തുന്ന പ്രവണത കൂടുതല്‍ ശക്തമായത്. ഭരണകൂടത്തിന്റെ വിവിധ തലങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനം മൂലം ശക്തമായ നടപടികള്‍ അസാധ്യമാവുന്നു. മോദി പ്രധാനമന്ത്രിയായതിനു ശേഷം ആര്‍എസ്എസ് ശാഖകളിലുണ്ടായ വന്‍ വര്‍ധനവ് അസഹിഷ്ണുത വ്യാപകമാക്കുന്നതിനു വഴിവച്ചുവെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. നേരത്തെത്തന്നെ സംഘം പ്രചരിപ്പിക്കുന്ന കഥകള്‍ ചോദ്യം ചെയ്യാതെ വിഴുങ്ങിയതുമൂലം മനസ്സില്‍ ശക്തമായ പരമതവിരോധമുള്ള വിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായ ഭരണമാറ്റം അക്രമങ്ങള്‍ക്കുള്ള ന്യായമായി കാണുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. ബേട്ടി ബചാവോ, ബാഹു ലാവോ തുടങ്ങിയ പദ്ധതികളുമായി വിശ്വഹിന്ദു പരിഷത്ത് മുമ്പോട്ടുവന്നതോടെ ദുഷ്പ്രചാരണത്തിനു ശക്തി കൂടിയിരിക്കുകയാണ്.
മതേതര സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമ്പോള്‍ മാത്രേമ എണ്ണത്തില്‍ കുറവായ ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന കൈയേറ്റത്തിന് അറുതിയാവൂ.
Next Story

RELATED STORIES

Share it