Azhchavattam

ക്രിസ്മസ് വിളക്ക്

ക്രിസ്മസ് വിളക്ക്
X








xmas star



റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി


പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് അസീസിയാണ് ക്രിസ്മസ് വിളക്കുകളുടെ പിതാവ്. നല്ലൊരു ഗായകനായിരുന്ന അദ്ദേഹം ക്രിസ്മസിന് ഒരു ഗാനമെഴുതി പാടി. വൈകാതെ ഫ്രാന്‍സ്, സ്‌പെയിന്‍ എന്നല്ല യൂറോപ്പ് മുഴുവന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ക്രിസ്മസ്‌രാത്രിയില്‍ ക്രിസ്മസ് വിളക്കുകളുടെ വെളിച്ചത്തില്‍ ക്രിസ്മസ്ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ക്രിസ്തുവിന്റെ ജന്മകഥയായിരുന്നു ഗാനങ്ങളുടെ ഉള്ളടക്കം.

ആസ്ട്രിയയിലെ മലമ്പ്രദേശങ്ങളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കിയിട്ട് നിലത്തു തീ കൂട്ടി ചുറ്റുമിരുന്ന് ക്രിസ്മസ്ഗാനങ്ങള്‍ പാടുന്ന പതിവുണ്ട്. ഇംഗ്ലണ്ടില്‍ വീടുകള്‍തോറും ജ്വലിക്കുന്ന നക്ഷത്രവിളക്കുകളേന്തി കരോള്‍ പാടുന്നതിന് പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ടായിരുന്നു. 'വിളക്കേന്തിയ കാത്തിരിപ്പുകാര്‍' എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നതുതന്നെ.

അയര്‍ലന്‍ഡില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ക്രിസ്മസ് വാരത്തിലെ രാത്രികളില്‍ പ്രാര്‍ഥിക്കുമ്പോള്‍ കുടുംബനാഥന്‍ ക്രിസ്മസ് വിളക്കു കത്തിച്ച് എല്ലാവരും കാണ്‍കെ വീടിനു മുന്നിലെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിടാറുണ്ട്. ഈ അനുഷ്ഠാനത്തിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ക്രിസ്തീയവൈദികര്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് അതീവരഹസ്യമായിട്ടാണ് തങ്ങളുടെ ഇടവകകളിലെ വിശ്വാസികളെ സന്ദര്‍ശിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്മസിന്റെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാന്‍ വൈദികരുടെ സാന്നിധ്യം അവര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. അതിന് ഒരു ബുദ്ധി അവര്‍ ജനങ്ങള്‍ക്ക് ഉപദേശിച്ചു കൊടുത്തു. വൈദികര്‍ക്ക് മാര്‍ഗനിര്‍ദേശമേകാന്‍ ക്രിസ്മസ് രാത്രിയില്‍ വാതില്‍ തുറന്നിട്ട് വീടിന്റെ ജനാലയ്ക്കല്‍ ഒരു ക്രിസ്മസ് വിളക്കു തെളിച്ചുവയ്ക്കുക. ആ വെളിച്ചം കണ്ടു കൊണ്ടായിരിക്കും വൈദികര്‍ രഹസ്യമായി ആ ഭവനത്തില്‍ കടന്നു വരുന്നത്. ഇവിടെ നിന്നു പ്രചരിച്ചതായിരിക്കണം ഇന്നത്തെ ക്രിസ്മസ് വിളക്കുകള്‍ എന്നു കരുതുന്നവരും വളരെയാണ്.

ഫ്രാന്‍സില്‍ പാതിരാകുര്‍ബാനയ്ക്കു ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ക്രിസ്മസ് വിളക്കിനു ചുറ്റുമിരുന്ന് ക്രിസ്മസ് മംഗളഗാനങ്ങള്‍ പാടുകയും ചെയ്യുന്ന പതിവ് ഇന്നു തുടര്‍ന്നുവരുന്നു. ഫ്രാന്‍സിസ് ഓഫ് അസീസിയുടെ ഭാവനാഫലമായി ഗ്രേഷ്യോയില്‍ രൂപം കൊണ്ട വിളക്കോടുകൂടിയ ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)ഇന്നും അവിടെ സൂക്ഷിച്ചുവരുന്നുണ്ട്. മധ്യയൂറോപ്പില്‍ കര്‍ഷകര്‍ മനോഹരമായ ക്രിസ്മസ് വിളക്കുകള്‍ നിര്‍മിച്ച് അവ ക്രിബ്ബുകളില്‍ സ്ഥാപിക്കുന്നതിന് നീണ്ട ശരത്കാല രാത്രികള്‍ ചെലവഴിക്കുന്നു. വിയന്നയിലെ ദേവാലയങ്ങളിലും കുട്ടികള്‍ വ്യത്യസ്തവും തേജോമയവുമായ വിളക്കുകള്‍ നിര്‍മിച്ച് ക്രിബ്ബുകളില്‍ സ്ഥാപിക്കാറുണ്ട്. അവിടെ ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്തു കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പിക്കുന്നതും ക്രിസ്മസ് വിളക്കുകള്‍ക്കാണ്.

Next Story

RELATED STORIES

Share it