ernakulam local

ക്രിസ്മസ് ദിനത്തില്‍ നഗരമധ്യത്തില്‍ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍

കൊച്ചി: കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആലുവ നഗരത്തിലെ ബിവറേജസിനടുത്ത് യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയനും സംഘവും അറസ്റ്റു ചെയ്തു.
ആലുവ കൊച്ചിന്‍ ബാങ്കിനുസമീപം വാടകയ്ക്കു താമസിച്ചുവരുന്ന ചേര്‍ത്തല ചന്തിരൂര്‍ ഭാഗത്ത് ചന്ദ്രവിലാസം വീട്ടില്‍ ഓട്ടോക്കാരന്‍ സാബു എന്ന സാബു(41)വാണ് അറസ്റ്റിലായത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാത്രി ഒന്‍പതരയോടെ ആലുവ ബിവറേജസിനു മുന്‍വശം ചേര്‍ത്തല താലൂക്ക് കൊക്കോതമംഗലം ചാവശ്ശേരിക്കരയില്‍ തച്ചാപ്പറമ്പില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ രാജുവിനാണ്(40) മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ് അവശനായിക്കിടന്ന രാജുവിനെ പോലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പിറ്റേദിവസം ഇയാള്‍ മരിച്ചു. ഇന്‍ക്വസ്റ്റില്‍ ശരീരത്തുകണ്ട പരിക്കുകളില്‍ സംശയം തോന്നിയ പോലിസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് പോലിസ് സര്‍ജനെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം ചെയ്തു.
ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പി പി ഷംസിന്റെ നിര്‍ദേശാനുസരണം സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയന്‍, ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി ഇപ്പോള്‍ വര്‍ഷങ്ങളായി ആലുവയില്‍ പല പണികളും ചെയ്ത് താമസിച്ചുവരുന്ന മിഥുന്‍ എന്നുവിളിക്കുന്ന മുഹമ്മദും ഇപ്പോള്‍ അറസ്റ്റിലായ സാബുവും മരിച്ച രാജുവും തമ്മിലുള്ള ശത്രുതയാണ് കൊലപാതകത്തിലേക്കു നയിച്ചത്.
മരിച്ച രാജുവും പ്രതികളും വീട്ടുകാരുമായി അടുപ്പമില്ലാതെ സ്ഥിരം മദ്യപാനികളായി കടവരാന്തകളിലും മറ്റും അന്തിയുറങ്ങുന്നവരാണ്. ആലുവ പോലിസ് കഴിഞ്ഞമാസം കുപ്രസിദ്ധ മോഷ്ടാവ് മഹേഷിനെ അറസ്റ്റു ചെയ്തിരുന്നു.
മിഥുനും സാബുവുമാണ് പോലിസിനോട് മഹേഷിനെപ്പറ്റി വിവരം കൊടുത്തതെന്നുള്ള തെറ്റിദ്ധാരണയില്‍ മഹേഷിന്റെ സുഹൃത്തായ രാജുവും കൂട്ടാളികളും മിഥുനേയും സാബുവിനേയും മര്‍ദ്ദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് മിഥുനും സാബുവുംകൂടി രാജുവിനെ മര്‍ദ്ദിച്ചത്. പ്രതിയെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് അറസ്റ്റു ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it