ക്രിസ്മസ് ദിനത്തിലെ ഇരട്ട കൊലപാതകം; നാല് മുഖ്യപ്രതികള്‍ അറസ്റ്റില്‍

പുതുക്കാട്: ക്രിസ്മസ് ദിനത്തില്‍ നെടുമ്പാളില്‍ നടന്ന ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ്(മക്കു-30), ചെറുവാള്‍ മരാശ്ശാരി ശരത്(ശരവണന്‍-29), നെടുമ്പാള്‍ മൂത്തേടത്ത് സന്തോഷ്(കൊങ്കണ്‍ സന്തോഷ്-34), ആനന്ദപുരം കൈപ്പഞ്ചേരി ഷിനു എന്ന മാണിക്യന്‍(ഷിനൂട്ടന്‍-25) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അഞ്ചും ആറും പ്രതികളായ ആനന്ദപുരം വള്ളിവട്ടത്ത് രാജു, പറപ്പൂക്കര സ്വദേശി നിധിന്‍ എന്നിവര്‍ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലിസ് പറഞ്ഞു. ഒന്നാംപ്രതിയായ മക്കു രജീഷ് അങ്കമാലി, ചേര്‍പ്പ്, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്നു കൊലപാതകം ഉള്‍പ്പെടെ 12 കേസുകളില്‍ പ്രതിയാണ്.
രണ്ടാംപ്രതിയായ ശരവണന് കാലടി, ചേര്‍പ്പ്, പുതുക്കാട് സ്റ്റേഷനുകളിലായി രണ്ടു കൊലപാതകം ഉള്‍പ്പെടെ ആറു കേസുകളും മൂന്നാംപ്രതി കൊങ്കണ്‍ സന്തോഷിന് ഒരു കൊലപാതകം ഉള്‍പ്പെടെ മൂന്നു കേസുകളും നിലവിലുണ്ട്. നാലാംപ്രതി ഷിനു ഒരു കൊലപാതകക്കേസ് ഉള്‍പ്പെടെ നാലു കേസുകളില്‍ പ്രതിയാണ്.
സംഭവത്തിനു ശേഷം കൊടുങ്ങല്ലൂര്‍ മുനമ്പത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പുതുക്കാട് സിഐ എന്‍ മുളീധരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുമ്പാളില്‍ വാടകയ്ക്കു താമസിക്കുന്ന മിഥുന്റെ ഭാര്യയെ കളിയാക്കിയതുമായുള്ള തര്‍ക്കമാണ് കൊലപാതകത്തി ല്‍ കലാശിച്ചത്. കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രന്‍, പുതുക്കാട് സിഐ എന്‍ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് പ്രതികളെ പെട്ടെന്നു പിടികൂടാന്‍ കഴിഞ്ഞതെന്ന് എസ്പി പറഞ്ഞു. പുതുക്കാട് എസ്‌ഐ വി സജേഷ്‌കുമാര്‍, എസ്‌ഐ കെ ഒ അലക്‌സാണ്ടര്‍, സീനിയര്‍ സിപിഒമാരായ ബൈജു, ഹരി എന്നിവരും അന്വേഷണത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it