ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റുമുട്ടി രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: പറപ്പൂക്കര ജൂബിലി നഗറില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. മുരിയാട് പനിയത്ത് വിശ്വനാഥന്റെ മകന്‍ വിശ്വജിത്ത്(33), തലോര്‍ പനയംപാടം സ്വദേശിയും മണ്ണംപേട്ട തെക്കേക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന രായപ്പന്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വി(35)നുമാണ് ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ടത്.
ജൂബിലി നഗര്‍ മേനാച്ചേരി തിമത്തിയുടെ മകന്‍ മിഥുന്‍ (22), തൈക്കാട്ടുശ്ശേരി പിയാത്തു പറമ്പില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്ത്(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. കേസിലെ പ്രധാന പ്രതിയെന്നു പോലിസ് പറയുന്ന ജൂബിലി നഗര്‍ സ്വദേശി ശരവണന്‍ മിഥുന്റെ ഭാര്യയോട് മോശമായി പെരുമാറി എന്നതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് മിഥുന്‍ ശരവണനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ശരവണന്‍ മിഥുന്റെ വീട്ടിലെത്തി മിഥുനെ മര്‍ദ്ദിച്ചു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മിഥുന്റെ വീട്ടില്‍ വിശ്വജിത്തും മെല്‍വിനും ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയത് തന്നെ ആക്രമിക്കാനുള്ള പദ്ധതിയായി ശരവണന്‍ തെറ്റിദ്ധരിച്ചു.
മിഥുനും സുഹൃത്തുക്കളും വീട്ടില്‍ മദ്യപിച്ചിരിക്കേ ശരവണന്‍ ഇവരുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് അവരെ മെയിന്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. അവിടെ കാത്തുനിന്ന ശരവണന്റെ സുഹൃത്തുക്കളായ അഞ്ചംഗസംഘം മിഥുനെയും സുഹൃത്തുക്കളെയും ആക്രമിച്ചു. പരിക്കേറ്റ മെല്‍വിനും വിശ്വജിത്തും റോഡില്‍ വീണു. വെട്ടേറ്റ മിഥുനും ശ്രീജിത്തും ഓടി രക്ഷപ്പെട്ടു. മെല്‍വിനും വിശ്വജിത്തും അര മണിക്കൂറിലേറെ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. വിശ്വജിത്തിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മെല്‍വിനെ തൃശൂരിലെ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടത്തി രക്ഷപ്പെട്ട അഞ്ചു പേരെയും തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.
കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരവണന്‍, മക്കു രതീഷ്, രഞ്ജിത്ത്, കൊക്കന്‍ സന്തോഷ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് കൊലപാതക ശ്രമത്തില്‍ പങ്കെടുത്തതെന്ന് പോലിസ് പറഞ്ഞു. ഇവരോടൊപ്പം തിരിച്ചറിയാത്ത നാലുപേര്‍ കൂടി ആക്രമിക്കാന്‍ ഉണ്ടായിരുന്നതായി മിഥുന്‍ അറിയിച്ചതായി പോലിസ് പറഞ്ഞു. കൊല്ലപ്പെട്ട വിശ്വജിത്ത് കൊലക്കേസ് ഉള്‍പ്പെടെ 16 ഓളം കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ ആക്റ്റ് പ്രകാരം തടവ് അനുഭവിച്ചിട്ടുള്ളയാളുമാണ്. മെല്‍വിന്റെ പേരിലും നിരവധി അടിപിടി കേസുകള്‍ നിലവിലുണ്ട്.
Next Story

RELATED STORIES

Share it