ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വെളിപ്പെടുത്തലുകളില്‍ കാര്യമില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് രാഷ്ട്രീയമായി യാതൊരു പ്രാധാന്യവുമില്ലെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂതുകളി രാഷ്ട്രീയത്തിന്റെ പിറകെ പോവാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ല. ആകാശത്തു നിന്നു പൊട്ടിവീഴുന്ന തരത്തിലുള്ള വെളിപാടുകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും പിന്നില്‍ ഗൂഢാലോചനയാണുള്ളത്. അത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിയേയോ യുഡിഎഫ് സര്‍ക്കാരിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയോടനുബന്ധിച്ച് മലപ്പുറത്തെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.
മലപ്പുറം ജില്ലയിലുണ്ടായിരുന്ന യുഡിഎഫ് തര്‍ക്കങ്ങള്‍ യാത്രയോടെ പരിഹരിക്കപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ തീവ്രവാദം വലിയ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അത് പാരമ്പര്യത്തിനെതിരായ നീക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സഹചര്യത്തിലാണ് ഏറ്റവും പ്രസക്തമായ മുദ്രാവാക്യവുമായി ലീഗ് കാംപയിന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നയത്തില്‍ ക്ഷുഭിതരായ മദ്യലോബിയുടെ ഗൂഢാലോചനയാണ് മാണിക്കെതിരേ നടന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ആരോപണമുന്നയിക്കുന്നവരുടെ വിശ്വാസ്യത കൂടി പരിഗണിച്ചായിരിക്കണം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കേണ്ടത്.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മന്ത്രി എം കെ മുനീര്‍, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, പി വി അബ്ദുല്‍ വഹാബ് എംപി, പ്രസ്‌ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ആര്‍ സാംബന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it