thrissur local

ക്രമസമാധാനം സംബന്ധിച്ച റിപോര്‍ട്ട് നല്‍കാന്‍ പോലിസിനു നിര്‍ദേശം

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസാമധാനം സംബന്ധിച്ച റിപോര്‍ട്ട് യഥാമസമയം നല്‍കണമെന്ന് സിറ്റി-റൂറല്‍ പോലിസ് വിഭാഗങ്ങളോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി. രതീശന്‍ നിര്‍ദേശം നല്‍കി.
എല്ലാ ആഴ്ചയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുളള നിശ്ചിത ഫോറത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നാല്‍ ദിവസേന റിപോര്‍ട്ട് നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോഗിച്ചിട്ടുള്ള വിവിധ നോഡല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
സ്വകാര്യ വ്യക്തികള്‍ക്ക് പ്രതേ്യക ലൈസന്‍സ് നല്‍കി അനുവദിച്ചിട്ടുള്ള ആയുധങ്ങളെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് നിശ്ചിത സമയത്തിനുള്ളില്‍തന്നെ ബന്ധപ്പെട്ടവര്‍ സറണ്ടര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കലക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സെക്ടറല്‍ ഓഫിസര്‍മാരുടെ നിയമനം പൂര്‍ത്തിയായി വരികയാണ്. ആകെ 193 സെക്ടറല്‍ ഓഫിസര്‍മാരെയാണ് ജില്ലയില്‍ ആവശ്യമായിട്ടുള്ളത്. വില്ലേജ് ഓഫിസര്‍മാരെയാണ് ഈ സ്ഥാനത്തേക്ക് നിയോഗിച്ചു വരുന്നത്. തിരഞ്ഞെടുപ്പില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം തടയുന്നതിനാവശ്യമായ നടപടികളൊരുക്കുന്നതിന് എക്‌സൈസ്, പോലിസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതേ്യക യോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. എഡിഎം കെ ശെല്‍വരാജ്, സബ് കലക്ടര്‍ ഹരിത വി കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നളിനി വിവിധ ചുമതലകള്‍ നല്‍കിയിട്ടുള്ള നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തി ല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it