kannur local

ക്രമസമാധനം ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ക്രമസമാധനം ഉറപ്പുവരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍. തിരഞ്ഞെടുപ്പ് സുഗമവും സമാധാനപരവുമായി നടത്തുന്നതും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അനിഷ്ടസംഭവങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടികള്‍ ഉത്തരവാദിത്തം കാട്ടണം. പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഏതെന്നു ചൂണ്ടിക്കാട്ടിയാ ല്‍ അക്കാര്യം പരിഗണിക്കും.

ഇത്തരം ബൂത്തുകളുടെ അന്തിലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. പോളിങ് ഏജന്റുമാര്‍ ഒകെയുള്ളവരെ ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലിവില്‍ വന്നതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. ജാതി, മത പരിഗണനകള്‍വച്ചും സ്‌കൂള്‍, കോളജ്, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുമുള്ള പ്രചാരണം അനുവദിക്കില്ല. ഫോട്ടോ പതിച്ച വോട്ടര്‍പ്പട്ടികയും മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും ഉപയോഗിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

96 റിട്ടേണിങ് ഓഫിസര്‍മാര്‍ രംഗത്തുണ്ടാവും. മെഷിനില്‍ മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേരുണ്ടാവുക. 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നായി രണ്ടൂമണിക്കൂറിനകം മുഴുവന്‍ ഫലങ്ങളും പ്രഖ്യാപിക്കാനാവുമെന്നും കലക്ടര്‍ വ്യക്തമാക്കി.  നിര്‍ഭയമായ സമ്മതിദാനാവകാശം ഉറപ്പുവരുത്തുകയാണ് പോലിസിന്റെ ഉത്തരവാദിത്തമെന്ന് ജില്ലാ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ പറഞ്ഞു. 7600 ഓളം പോലിസ് സേനാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ജോലിക്കുണ്ടാവും. 750 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. എല്ലാ ബൂത്തിലും വീഡിയോ കാമറ സ്ഥാപിക്കും.

203 ഓളം ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ പട്രോളിങിനിറങ്ങും. പ്രാദേശികപ്രശ്‌നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കാന്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തല സമിതി രൂപീകരിച്ച് യോഗം വിളിക്കും. മറ്റിടങ്ങളില്‍ ഡിവൈ.എസ്.പി. തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. വൈദ്യുതിത്തൂണുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പതിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ.ഡി.എം. ഒ. മുഹമ്മദ് അസ്‌ലം, ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it