കോവൂര്‍ കുഞ്ഞുമോന് പിന്തുണ; ഒമ്പതു ജില്ലകളിലെ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ ആര്‍എസ്പി വിട്ടു

തിരുവനന്തപുരം: ആര്‍എസ്പി എംഎല്‍എ ആയിരുന്ന കോവൂര്‍ കുഞ്ഞുമോനെ പിന്തുണച്ച് യൂത്ത്‌വിങായ ആര്‍വൈഎഫിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഒമ്പതു ജില്ലാക്കമ്മിറ്റികളിലെ അംഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി വിടുകയാണെന്ന് ആര്‍വൈഎഫ് ദേശീയ സമിതി അംഗം ബെന്നി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട കോവൂര്‍ കുഞ്ഞുമോന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നു. ആര്‍എസ്പി പുനരേകീകരണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് പാര്‍ട്ടി രണ്ടു വിഭാഗങ്ങളായാണ് നില്‍ക്കുന്നത്. ദേശീയ, സംസ്ഥാന സമ്മേളനങ്ങള്‍ കഴിഞ്ഞിട്ടും ആറു ജില്ലകളില്‍ പാര്‍ട്ടി ഭരണഘടന പ്രകാരം കമ്മിറ്റികളെയോ സെക്രട്ടറിയെയോ തിരഞ്ഞെടുത്തിട്ടില്ല. പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടു. പാര്‍ട്ടി കമ്മിറ്റികളില്‍ അഭിപ്രായം പറയുന്നവരെയും നേതൃത്വത്തെ ചോദ്യംചെയ്യുന്നവരെയും സംസ്ഥാന സെക്രട്ടറി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്.
കേരള ഘടകത്തിന്റെ മുന്നണിമാറ്റ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ബെന്നിചെറിയാന്‍, മനോജ് വാലുമണ്ണേല്‍, ബിജു ലക്ഷ്മികാന്തന്‍ എന്നിവര്‍ ഡിസംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ സമാപിച്ച ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെ ഭൂരിപക്ഷം പ്രതിനിധികളും സ്വാഗതം ചെയ്യുകയും വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം ചേരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേരള നേതൃത്വം ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുചേര്‍ത്ത് ഇവരെ പുറത്താക്കാന്‍ തീരുമാനമെടുത്തു. എതിര്‍ത്ത പ്രതിനിധിയെ എന്‍ കെ പ്രേമചന്ദ്രന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും മനോജ് വാലുമണ്ണേല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it