കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിനു പിന്നാലെ കുന്നത്തൂര്‍ എംഎല്‍എയും ആര്‍എസ്പി നേതാവുമായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംവിധാനമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയ സാഹചര്യത്തിലാണു രാജിയെന്ന് അദ്ദേഹം അറിയിച്ചു. രാജിക്കത്ത് സ്പീക്കര്‍ എന്‍ ശക്തന് കൈമാറി. ആത്മാഭിമാനമുള്ള ഒരാള്‍ക്കും യുഡിഎഫില്‍ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഉള്‍പ്പെടെയുള്ള പാര്‍ട്ടിപദവികള്‍ രാജിവച്ച് എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാനാണു തീരുമാനം.

യുഡിഎഫില്‍ തുടരുന്നത് ഉചിതമല്ലെന്ന് തന്നെപ്പോലെ നിരവധി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം നിരസിച്ചു. എന്‍ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും ആര്‍എസ്പിയെ വലതുപക്ഷ കൂടാരത്തിലേക്കു നയിക്കുകയാണ്.  എന്തുകൊണ്ട് താനും യുഡിഎഫില്‍  പോയെന്ന സംശയം സ്വാഭാവികം. അന്നത്തെ തീരുമാനം പൊതുവികാരമായിരുന്നു.  എന്നാല്‍, ഇതുവരെ യുഡിഎഫില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഉടന്‍ തന്നെ ഉന്നത നേതാക്കളടക്കം തനിക്കൊപ്പം വരും. തങ്ങള്‍ യഥാര്‍ഥ ആര്‍എസ്പി രൂപീകരിക്കും. പാര്‍ട്ടിയുടെ പേരും മറ്റു കാര്യങ്ങളും പിന്നീട് വെളിപ്പെടുത്തും. രാജി സമര്‍പ്പിക്കുന്ന വേളയില്‍ ഇ പി ജയരാജന്‍ എംഎല്‍എ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it