കോഴ വിവാദം: പാര്‍ലമെന്റിന്റെ സദാചാര സമിതി അന്വേഷിക്കും

കോഴ വിവാദം: പാര്‍ലമെന്റിന്റെ സദാചാര  സമിതി അന്വേഷിക്കും
X
bribary-kottayam

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഇല്ലാത്ത കമ്പനിയുടെ പേരില്‍ സമീപിച്ച മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് തൃണമൂല്‍ നേതാക്കള്‍ ലക്ഷങ്ങള്‍ കൈക്കൂലി സ്വീകരിച്ചത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ സദാചാര സമിതി അന്വേഷിക്കും. പുതുതായി രൂപീകരിച്ച ഒരു വെബ് പോര്‍ട്ടലാണ് തൃണമൂല്‍ നേതാക്കളെ സ്റ്റിങ് ഓപറേഷനില്‍ കുടുക്കിയത്. ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാണ് സഭയില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കോഴയാരോപണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടായി. രാജ്യസഭയില്‍ തൃണമൂല്‍- സിപിഎം അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നു.
ശൂന്യവേളയില്‍ തൃണമൂലിന്റെ ദേരക് ഒബ്രയനാണ് വിഷയം ഉന്നയിച്ചത്. ഈ വീഡിയോയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഒബ്രയന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത് ഇതിന്റെ ഉള്ളടക്കത്തിന് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിയാണ്. സാങ്കേതിക വിദ്യയുടെ ഈ കാലത്തും ആര്‍ക്കും ഇക്കാര്യത്തില്‍ ഉറപ്പില്ല. സ്റ്റിങ് ഓപറേഷന്‍ നടത്തിയെന്ന് പറയുന്ന ഈ വിഭാഗത്തിന്റെ വിശ്വാസ്യതയെന്താണ്. ദുബയിലാണ് കമ്പനിയുടെ മേല്‍വിലാസം. വിദേശപണമാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇത് പുറത്തുവിട്ട ദിവസം ദുബയിലേക്ക് അഞ്ചു കോളുകള്‍ ഇവിടെ നിന്ന് വിളിച്ചിട്ടുണ്ട്-ഒബ്രയന്‍ പറഞ്ഞു. ഇതൊരു കുംഭകോണമാണെന്നും അടിയന്തരമായി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ മടിക്കുന്നത്. തെഹല്‍ക ടേപ്പ് പുറത്തു വന്നപ്പോഴാണ് വാജ്‌പേയി സര്‍ക്കാരില്‍ നിന്ന് മമത രാജിവച്ചത്- യെച്ചൂരി ചൂണ്ടിക്കാട്ടി.
ചര്‍ച്ച മുറുകുകയും സഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തതോടെ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്‍ പി ജെ കൂര്യന്‍, യെച്ചൂരി അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും അതിന് അദ്ദേഹത്തോട് ചൊടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
ലോക്‌സഭയില്‍ അന്വഷണം പാര്‍ലമെന്റ് സദാചാര സമിതിക്ക് വിട്ട സ്പീക്കറുടെ നടപടിയില്‍ തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്പീക്കര്‍ ഇതു ചെയ്തതെന്ന് തൃണമൂല്‍ അംഗം സുഗത റോയ് ചൂണ്ടിക്കാട്ടി. ആര്‍ക്കു വേണമെങ്കിലും ആര്‍ക്കെതിരേയും സ്റ്റിങ് ഓപറേഷന്‍ നടത്താം. അതെല്ലാം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് ശരിയല്ല. തന്റെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സദാചാര സമിതിയില്‍ വിശ്വാസമുണ്ടെന്നും റോയ് പറഞ്ഞു. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തിലുള്ള സദാചാര സമിതിയില്‍ 15 അംഗങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it