കോഴിക്കോട് ലൈറ്റ് മെട്രോ: പ്രതിഷേധത്തിനിടെ പ്രാരംഭ പ്രവൃത്തി ഉദ്ഘാടനം

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നിലനില്‍ക്കേ കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങിന് സംഘാടകര്‍ എത്തുന്നതിനു മുമ്പ് തന്നെ സിപിഎം പ്രവര്‍ത്തകര്‍ വേദിയായ ടാഗോര്‍ ഹാളിന്റെ കവാടത്തില്‍ കരിങ്കൊടിയുമായി എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മെട്രോയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതെന്നും, ഇത് തിരഞ്ഞെടുപ്പ് നാടകമാണെന്നാരോപിച്ചുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് പോലിസ് നീക്കം ചെയ്തു.
കൊച്ചി മെട്രോ നിര്‍മാണത്തില്‍ അനുവര്‍ത്തിച്ച നടപടിക്രമങ്ങള്‍ തന്നെയാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ കാര്യത്തിലും പാലിച്ചതെന്ന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയോടൊപ്പം മീഞ്ചന്ത മുതല്‍ മാനാഞ്ചിറ വരെ മെട്രോയ്ക്ക് ഇരുവശങ്ങളിലും റോഡ് വീതികൂട്ടാന്‍ 200 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ലൈറ്റ് മെട്രോ പ്രദ്ധതിക്ക് പ്രതീക്ഷിക്കുന്ന 2500 കോടി രൂപയുടെ 85 ശതമാനം ചെലവും ജൈക്ക 0.3 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it