Districts

കോഴിക്കോട് ജില്ലയില്‍ ആര്‍.എസ്.പി. യു.ഡി.എഫുമായി വഴിപിരിയുന്നു; എല്‍.ഡി.എഫിന് പിന്തുണ

കെ അരുണ്‍ലാല്‍

കോഴിക്കോട്: സീറ്റ് വിഭജനത്തില്‍ പൂര്‍ണമായും തഴഞ്ഞുവെന്നാരോപിച്ചു കോഴിക്കോട് ജില്ലയില്‍ ആര്‍.എസ്.പി. യു.ഡി.എഫുമായി വഴിപിരിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും ആര്‍.എസ്.പി. നേതാക്കള്‍ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് ആര്‍.എസ്.പി. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

യു.ഡി.എഫില്‍ തങ്ങള്‍ തുടര്‍ച്ചയായി അപമാനം നേരിടുകയാണെന്നും സീറ്റ് വിഭജനത്തില്‍ തികച്ചും പക്ഷപാതപരമായ നിലപാടാണ് കോണ്‍ഗ്രസ്സും ലീഗും സ്വീകരിക്കുന്നതെന്നും ആര്‍.എസ്.പി. നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കേവലം ഒരു സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിട്ടത് അബദ്ധമായി എന്നാണ് ആര്‍.എസ്.പിയുടെ മിക്ക ജില്ലാ നേതൃത്വങ്ങളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. മുന്നണി വിട്ടുവന്ന സമയത്ത് കൊല്ലം സീറ്റ് എന്‍ കെ പ്രേമചന്ദ്രനു നല്‍കിയത് ആ സമയത്തെ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള യു.ഡി.എഫ്. നേതാക്കളുടെ തന്ത്രം മാത്രമായിരുന്നുവെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നതെന്നും ഒരു പ്രമുഖ ആര്‍.എസ്.പി. നേതാവ് പ്രതികരിച്ചു. അതിനിടെ ആസന്നമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയെ പിളര്‍ത്താന്‍ സി.പി.എം. ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം
തേജസ്
റിപോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ തവണ ഇടതുമുന്നണിയോടൊപ്പം മല്‍സരിച്ച മുഴുവന്‍ സീറ്റുകളും സംസ്ഥാനതലത്തില്‍ ലഭിക്കണമെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സീറ്റുകള്‍ മുഴുവന്‍ വിട്ടുനല്‍കാനാവില്ലെന്നു യു.ഡി.എഫ്. നിലപാടെടുത്തിരുന്നു. കഴിഞ്ഞ തവണ ആര്‍.എസ്.പി. മല്‍സരിച്ചിരുന്ന ഭൂരിപക്ഷം സീറ്റുകളിലും എതിരാളികളായിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. 10ല്‍ താഴെയിടങ്ങളില്‍ മാത്രമാണ് ആര്‍.എസ്.പി. യു.ഡി.എഫിലെ മറ്റ് കക്ഷികളോടു മല്‍സരിച്ചത്.

തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ അവസരം മുതലെടുത്താണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദൂതുമായി ആര്‍.എസ്.പി. നേതാക്കളെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ആശീര്‍വാദത്തോടെയാണ് സി.പി.എം. നേതൃത്വം കരുക്കള്‍ നീക്കുന്നത്. ഒന്നിച്ചുനില്‍ക്കാമെന്ന ആര്‍.എസ്.പി. നേതൃത്വത്തിന്റെ സമ്മതം കിട്ടിയാല്‍ കഴിഞ്ഞ തവണ ആര്‍.എസ്.പി. മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളും ഉപാധികളൊന്നുമില്ലാതെ വിട്ടുനല്‍കാമെന്നും സി.പി.എം. സംസ്ഥാന നേതൃത്വത്തില്‍ തത്ത്വത്തില്‍ തീരുമാനമായതായാണു സൂചന. ഇതുസംബന്ധിച്ച് നാളെത്തന്നെ തീരുമാനമുണ്ടാവുമെന്നും അറിയുന്നു.
Next Story

RELATED STORIES

Share it