കോഴിക്കോട്ടെ ചുംബനത്തെരുവിനെ പോലിസ് നേരിട്ടത് ചട്ടങ്ങള്‍ പാലിക്കാതെ

കോഴിക്കോട്: പുതുവര്‍ഷത്തില്‍ നഗരത്തില്‍ നടന്ന ചുംബന തെരുവ് സമരത്തെ പോലിസ് നേരിട്ടത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് വിവരാവകാശ രേഖ. ഞാറ്റുവേല സാംസ്‌കാരിക സംഘം പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരും തമ്മില്‍ കോഴിക്കോട് നഗരത്തിലുണ്ടായ സംഘര്‍ഷം നേരിടുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ച പറ്റിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പീഡനത്തിന് ഇരയായി ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പി അനീബിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് സംഘര്‍ഷം മുന്‍കൂട്ടി കണ്ട് തടയുന്നതിലും സംഘര്‍ഷത്തെ നേരിടുന്നതിലും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പോലിസ് തന്നെ സമ്മതിക്കുന്നത്. ഞാറ്റുവേല പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച ചുംബന തെരുവു പരിപാടിയെ ശാരീരികമായി നേരിടുമെന്ന് ഹനുമാന്‍ സേന വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളിലൂടെയും നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചും പ്രഖ്യാപിച്ചിട്ടും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പോലിസ് ഭാഷ്യം.
മൂന്നു തട്ടുകളിലായി രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്ന പോലിസ് സേന ഇക്കാര്യം അറിഞ്ഞില്ല എന്നത് തന്നെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയാണ്. ചുംബന തെരുവ് പരിപാടിയെ ശാരീരികമായി തടയുമെന്ന് ഹനുമാന്‍ സേന പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട ഒരു നടപടിയും പോലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചാല്‍, അവ മുന്‍കൂട്ടി തടയുന്നതിന് കേരളാ പോലിസ് ആക്റ്റ് 4 (ജി), (ജെ) വകുപ്പുകള്‍ പ്രകാരം പോലിസിനു ചുമതലയുണ്ട്. കോഴിക്കോട് സംഭവത്തില്‍ പോലിസിന്റെ ഭാഗത്തു നിന്നും ഇത് ഉണ്ടായില്ല എന്നു മാത്രമല്ല, ഇങ്ങനെ ചെയ്യാതെ ഹനുമാന്‍ സേനയ്ക്ക് ഞാറ്റുവേല പ്രവര്‍ത്തകരെ ശാരീരികമായി നേരിടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് പോലിസ് ചെയ്തത്.
കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി തടയുന്നതിനും സംഘര്‍ഷ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേരളാ പോലിസ് ആക്റ്റിലെ 39 (2) എ, 63 എ, ബി, സി, ഡി, എഫ് വകുപ്പുകള്‍ നിര്‍ദേശിക്കുന്ന ഒരു നടപടിക്രമവും പാലിച്ചില്ലെന്ന് വിവരാവകാശ രേഖയില്‍ പോലിസ് സമ്മതിക്കുന്നുണ്ട്. മഫ്ടി പോലിസുകാരനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൈയേറ്റം ചെയ്തു എന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകനായ അനീബിനെ കസ്റ്റഡിയില്‍ എടുത്ത് പോലിസ് ശാരീരികമായി പീഡിപ്പിച്ചത്.
ഒരു പോലിസ് ഉദ്യോഗസ്ഥനെതിരേ ഇത്തരത്തില്‍ കൈയേറ്റമുണ്ടായാല്‍, ഈ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ചുമതലയിലായിരുന്നു എന്ന് പോലിസ് കമ്മീഷണര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കണമെന്ന് പോലിസ് ആക്റ്റ് 100ാം വകുപ്പു നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, അനീബ് കൈയേറ്റം ചെയ്തു എന്നു പറയപ്പെടുന്ന പോലിസുകാരന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു റിപോര്‍ട്ട് ഇല്ലെന്നും വിവരാവകാശ രേഖ പറയുന്നു. സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന മഫ്ടി പോലിസുകാരുടെ വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പോലിസ് ചെയ്തത്. കേരളാ പോലിസ് ആക്റ്റ്, ക്രിമിനല്‍ നടപടി നിയമം, പോലിസ് മാന്വല്‍ എന്നിവയില്‍ നിര്‍ദേശിക്കുന്ന നടപടികള്‍ ഒന്നും പാലിക്കാതെയാണ് പോലിസ് സംഘര്‍ഷം കൈകാര്യം ചെയ്തതെന്ന് അനീബിനു ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it