കോള്‍ മുറിയല്‍: ട്രായ് വിജ്ഞാപനം സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഫോണ്‍വിളി മുറിഞ്ഞുപോവലിന് ടെലികോം കമ്പനികളില്‍നിന്ന് പിഴ ഈടാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യുടെ നീക്കത്തിനു തിരിച്ചടി. ഇതുസംബന്ധിച്ച വിജ്ഞാപനം സുപ്രിംകോടതി റദ്ദാക്കി. പിഴ ഈടാക്കുന്നത് അന്യായമാണെന്നും ഫോണ്‍വിളി മുറിയലിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടാനാവില്ലെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ട്രായ് തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഉപഭോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഫോണ്‍വിളി മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. ഓരോ ദിവസവും തടസ്സപ്പെടുന്ന ആദ്യ മൂന്ന് കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു നീക്കം. ഇതിനെതിരേ ടെലികോം കമ്പനികള്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തടസ്സമില്ലാതെ ഫോണില്‍ സംസാരിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്നു കാട്ടി ഹൈക്കോടതി ട്രായ് വിജ്ഞാപനം ശരിവച്ചു. ഇതിനെതിരേയാണ് ടെലികോം കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരം നല്‍കുന്നതിലൂടെ ദിനേന 150 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നായിരുന്നു കമ്പനികളുടെ വാദം. ടെലികോം കമ്പനികള്‍ക്കെതിരായ നടപടിക്ക് പാര്‍ലമെന്റ് ചട്ടമുണ്ടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it